സ്വർണ കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ. രണ്ടു യാത്രക്കാർ കടത്തിയ സ്വർണം വിമാന താവളത്തിന് പുറത്തെത്തിച്ച കേസിലാണ് കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ അറസ്റ്റിലായത്. കാലിക്കറ്റ് ഇന്റർനാഷണൽ അയർപ്പോട്ടിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. 2:15ന് എയർ ഇന്ത്യ എക്സ്പ്രസിൽ വന്ന കാസർഗോഡ് സ്വദേശികളായ രണ്ടുപേരാണ് ദുബായിയിൽ നിന്നും കേരളത്തിലേക്ക് സ്വർണം കടത്തിയത്.
320 ഗ്രാം തൂക്കമുള്ള സ്വർണ ഇടപാടിലാണ് മുനിയപ്പയെ പിടികൂടിയത്. സ്വർണം കടത്തികൊണ്ടുവന്ന യാത്രക്കാർക്ക് 25000 രൂപ പ്രതിഫലം നൽകാൻ ശ്രമിക്കുമ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിലായത്. സഹോദരങ്ങളുമായ കെ എച്ച് അബ്ദുൾ നസീർ(46), കെ ജെ ജംഷീർ (20 ) എന്നിവരാണ് സ്വർണം കടത്തിയത്. ഇരുവരും ചേർന്ന് കടത്തികൊണ്ടുവന്നത് 640 ഗ്രാം സ്വർണമാണ്. വിദേശത്തുനിന്നും സ്വർണം കടത്തിയതിൽ മുനിയപ്പയ്ക്ക് ബന്ധമില്ല. എന്നാൽ നസീറിന്റെയും, ജംഷീറിന്റേയും ലഗേജ് പരിശോധിച്ച മുനിയപ്പ 640 ഗ്രാം സ്വർണം കണ്ടെടുത്തു. ഇതിൽ 320 ഗ്രാം സ്വർണം മാത്രം കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ച ശേഷം ബാക്കി വരുന്ന 320 ഗ്രാം സ്വർണം 25000 രൂപക്ക് പുറത്ത് എത്തിച്ച് തരാമെന്ന് മുനിയപ്പ പ്രതികളുമായി ധാരണയിലെത്തുകയായിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികൾ പിടിയിലായത്. സ്വർണം കൂടാതെ 442980രൂപയും 500 യുഎഇ ദിർഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും അന്വേഷണ സംഘം കണ്ടെടുത്തു.