മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിൻ്റെ ചെലവുകൾ പുറത്ത്. 2020 ഫെബ്രുവരി 24, 25 തീയതികളിൽ ഡൊണാൾഡ് ട്രംപ് ഇന്ത്യയിലുണ്ടായിരുന്നത് മുപ്പത്തിയാറ് മണിക്കൂറാണ്. ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മകളുടെ ഭർത്താവ് ജാരെദ് കുഷ്നെറും ഇന്ത്യയിലെത്തിയിരുന്നു. അതിനുപുറമെ നിരവധി അമേരിക്കൻ ഉദ്യോഗസ്ഥരും ട്രംപിനൊപ്പം ഇന്ത്യയിലുണ്ടായിരുന്നു.
ട്രംപ് ഇന്ത്യയിലുണ്ടായിരുന്ന ആ മുപ്പത്തിയാറ് മണിക്കൂറിന് കേന്ദ്ര സർക്കാർ ചെലവഴിച്ചത് മുപ്പത്തിയെട്ട് ലക്ഷം രൂപയാണ്. മിഷാൽ ഭത്തേന എന്നയാൾ കേന്ദ്ര വിവരാവകാശ കമ്മീഷ്ണർക്ക് നൽകിയ അപേക്ഷയുടെ മറുപടിയിലാണ് ഈ കണക്കുള്ളത്. 2020 ഒക്ടോബർ ഇരുപത്തി നാലിന് ഇതേ വ്യക്തി വിദേശകാര്യ മന്ത്രാലയത്തിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന് ചെലവായ കണക്ക് വെളിപ്പെടുത്തിയിരുന്നില്ല.
ഇന്ത്യയിലുണ്ടായിരുന്ന ട്രംപും സംഘവും ഡൽഹി, അഹമ്മദാബാദ്, ആഗ്ര എന്നിവിടങ്ങളാണ് സന്ദർശനം നടത്തിയത്. ഇന്ത്യ സന്ദർശനത്തിന്റെ ആദ്യ ദിനം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം അഹമ്മദാബാദിൽ ‘നമസ്തേ ട്രംപ്’ എന്ന പൊതുപരിപാടിയിലും ഇരുപത്തിരണ്ട് കിലോ മീറ്റർ നീണ്ട റോഡ് ഷോയിലും ട്രംപ് പങ്കെടുത്തിരുന്നു. ശേഷം ആഗ്രയിൽ എത്തിയ ട്രംപ് താജ്മഹലും സന്ദർശിച്ചു. അന്ന് ട്രംപ് സഞ്ചരിച്ച റോഡിന് അരികിലുള്ള തെരുവുകൾ സർക്കാർ തുണി കെട്ടി മറച്ചിരുന്നു. അത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.