പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ലൈംഗികാതിക്രമ കേസ് നിലനില്‍ക്കില്ലെന്ന കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. എഴുത്തുകാരന് സിവിക് ചന്ദ്രൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ ഉത്തരവില്‍ വിവാദ നിരീക്ഷണം നടത്തിയത്.
വസ്ത്രധാരണം പോലെ തികച്ചും വൈയക്തികമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീകള്‍ക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികള്‍ ചെന്നെത്തുന്നു എന്നത് വളരെ ആശങ്കയുണര്‍ത്തുന്ന കാര്യമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി കുറ്റപ്പെടുത്തി
അതിജീവിത(ഇര)യുടെ ഫോട്ടോയെടുത്ത് സൂക്ഷിച്ച് അത് കാമപ്രചോദിതമെന്ന് (ദുര്)വ്യാഖ്യാനിച്ച് ന്യായാധിപനെക്കൊണ്ട് പരിഗണിപ്പിച്ച മഹാബുദ്ധിയ്ക്ക് നല്ല നമസ്കാരമെന്നായിരുന്നു ഒരു ഫേസ്ബുക്ക് പോസ്റ്റ്
ഇനി മഹാവാര്യര് സിനിമയിലെപ്പോലെ കോടതി നടപടികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ പതിനേഴാം നൂറ്റാണ്ടിലേയ്ക്കോ മറ്റോ വല്ല ടൈം ട്രാവലും സംഭവിച്ചോയെന്ന പരിഹാസവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു.
ഹൈക്കോടതിയുടെ അടിയന്തിര ഇടപെടലുണ്ടാകണമെന്നും ജുഡീഷ്യറിയിലുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന ഇത്തരം വിധികള്‍ക്ക് കടിഞ്ഞാണിടണമെന്ന ആവശ്യവും കാണാം
സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് അതിജീവിതയുടെ തീരുമാനം