ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രവർത്തനം സംഘപരിവാറിനെ തൃപ്തിപ്പെടുത്താ നെന്ന് സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ എം വി ജയരാജൻ. ഗവർണർ എന്ന പദവിയേക്കാൾ വലിയ പദവിയാണ് ആരിഫ് മുഹമ്മദ് ഖാൻ ലക്ഷ്യമിടുന്നത്. സംഘപരിവാർ ശക്തികളെ തൃപ്തിപ്പെടുത്താൻ, യജമാന പ്രീതിക്കായാണ് ഗവർണർ പ്രവർത്തിക്കുന്നത്. ഗവർണർ എല്ലാത്തിനെയും വിവാദമാക്കുന്ന വിവാദ നായകനാണ്. എല്ലാ അവസരത്തിലും ഇടതുപക്ഷ സർക്കാരിനെതിരാണ് ഗവർണറുടെ നിലപാടുകൾ എന്ന് എം വി ജയരാജൻ പറഞ്ഞു.
ഗവർണ്ണറുടെ നിലവിലെ നിലപാട് ഛർദ്ദിച്ചത് വിഴുങ്ങുന്നത് പോലെയാണ്. കണ്ണൂർ സർവ്വകലാശാല ഏതെങ്കിലും തരത്തിൽ തെറ്റായ നടപടികൾ സ്വീകരിച്ചതായി ഒരു നിയമ സംവിധാനവും പറഞ്ഞിട്ടില്ല. കണ്ണൂർ സർവ്വകലാശാലയിലെ ഗവർണറുടെ ഇടപെടൽ സർക്കാരിനെ അട്ടിമറിക്കാനാണ്. പ്രിയാ വർഗീസിന്റെ നിയമനം ഭരണസ്വാധീനം ഉപയോഗിച്ചല്ലെന്നും എം വി ജയരാജൻ വ്യക്തമാക്കി. ഭരണപരമായ കാര്യങ്ങളിലും മറ്റും സർക്കാരിന്റെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കാൻ ഗവർണർ ഇടപെടുന്നുണ്ട്. സംസ്ഥാന ഗവൺമെന്റിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ ആരിഫ് മുഹമ്മദ് ഖാനെതിരെ ആരോപണം നിലനിന്നിരുന്നു. ഗവർണറുടെ ഓഫീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാർ ശക്തികളാണെന്നും ആരോപണമുണ്ട്.