കിഫ്ബി വിഷയത്തില്‍ ഇ.ഡി നല്കിയ സമന്‍സിനെതിരെ കിഫ്ബി ഉപാധ്യക്ഷനായിരുന്ന മുന്‍ ധനമന്ത്രി തോമസ് ഐസക് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി സെപ്റ്റംബര്‍ രണ്ടിലേക്ക് മാറ്റി. ഹര്‍ജിയില്‍ മറുപടി നല്കാന് ഇ.ഡി കൂടുതല്‍ സമയം തേടിയതോടെയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. തോമസ് ഐസകിന് തുടരെ തുടരെ സമന്‍സ് അയച്ച വിഷയത്തിലാണ് മറുപടി നല്കാന് ഇ.ഡിക്ക് കൂടുതല്‍ സമയം വേണ്ടി വരുന്നത്. തോമസ് ഐസക് ഇ.ഡിക്ക് മുന്പില് ഹാജരാകേണ്ടതില്ലെന്ന നിലവിലെ നിര്‍ദേശം തുടരണമെന്ന്
ജസ്റ്റിസ് വി. ജി അരുണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് ഇ.ഡി. നേരത്തെ അറിയിച്ചിരുന്നെങ്കില്‍ തോമസ് ഐസകിൻ്റെ അഭിഭാഷകന് സിദ്ധാര്‍ത്ഥ് ദവെയ്ക്ക് യാത്ര ഒഴിവാക്കാനാകുമായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇ.ഡിക്കെതിരെ കിഫ്ബി നല്കിയ ഹര്‍ജിക്കൊപ്പമാകും സെപ്റ്റംബര്‍ രണ്ടിന് തോമസ് ഐസകിന്റെ ഹര്‍ജിയും പരിഗണിക്കുക
രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് ഇ.ഡി വ്യക്തമാക്കുന്നില്ല. ഹാജരാക്കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്ന രേഖകളെല്ലാം പൊതുമണ്ഡലത്തില്‍ ഉള്ളതാണ്. അവ സമാഹരിക്കാന്‍ തന്നെ നോട്ടീസയച്ചു വിളിപ്പിക്കേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇ. ഡി സമന്‍സിനെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്