കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം തുടരുന്നു. ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് രാജിവെച്ചു. ചുമതലേയേല്‍പ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഗുലാം നബിയുടെ രാജി. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷനായി ഗുലാം നബി ആസാദിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നലെയായിരുന്നു നിയമിച്ചത്. എന്നാല്‍ രാത്രിയോടെ തന്നെ ഗുലാം നബി ആസാദ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നു കൂടി ആസാദ് സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. ആരോഗ്യ കാരണങ്ങള്‍ മൂലമാണ് ഗുലാം നബി ആസാദ് സ്ഥാനമൊഴിഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. എന്നാല്‍ ജമ്മു കശ്മീര്‍ കോണ്‍ഗ്രസിലെ പുനസംഘടനയിലടക്കമുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.
ഗുലാം നബി ആസാദിന്റെ അടുത്ത അനുയായി ഗുലാം ആഹമ്മദ് മിറിനെ പാര്‍ട്ടിയുടെ ജമ്മു കശ്മീര്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി പകരം വികാര്‍ റസൂലിനെ അധ്യക്ഷനായി നിയമിച്ചത് ഇന്നലെയാണ്. ഇതിന് പിന്നാലെയാണ് ഗുലാം നബി ആസാദിന്റെ രാജി. കോണ്‍ഗ്രസിലെ തിരുത്തല്‍വാദ ഗ്രൂപ്പെന്ന് അറിയപ്പെടുന്ന ജി – 23 നേതാക്കളില്‍ പ്രമുഖനാണ് ഗുലാം നബി ആസാദ്.