തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഡിഎംകെ നേതാവുമായ ഒ പനീർ ശെൽവം എംഎൽഎക്ക് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി. മുൻ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പാർട്ടി പിടിച്ചടക്കിയതിന് പിന്നാലെ കഴിഞ്ഞ ജനറൽ കൗൺസിൽ യോഗം ഒ പനീർ ശെൽവത്തെ എഐഡിഎംകെയിൽ നിന്നും പുറത്താക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പനീർ ശെൽവം നൽകിയ ഹർജിയിലാണ് ഒപിഎസിന് അനുകൂലമായ വിധിയുണ്ടായത്. ഹൈക്കോടതി വിധി പ്രകാരം ഒ പനീർ ശെൽവത്തിനും എടപ്പാടി പളനി സ്വാമിക്കും സംയുക്തമായേ ഇനി ജനറൽ കൗൺസിൽ യോഗം വിളിച്ചു ചേർക്കാനാകു.
മദ്രാസ് ഹൈക്കോടതിയുടേത് ചരിത്രപരമായ വിധിയാണ്. ഈ വിധി അണികൾക്ക് കാണിക്കയായി അർപ്പിക്കുന്നു. അണ്ണാ ഡിഎംകെ ഒരാളുടെ പാർട്ടിയല്ല, അണികളുടെ പാർട്ടിയാണ്. വിധി പാർട്ടിയുടെയും അണികളുടെയും വിജയമാണ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെയെല്ലാം തിരിച്ചെടുക്കണം. വിമർശനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും ഒപിഎസ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ പതിനൊന്നിന് വാനഗരത്ത് ചേർന്ന എഐഡിഎംകെ ജനറൽ കൗൺസിലിൽ യോഗം എടപ്പാടി പളനി സ്വാമിയെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി നിയമിച്ചിരുന്നു. ആ തീരുമാനം അടക്കം കഴിഞ്ഞ ജനറൽ കൗൺസിൽ എടുത്ത എല്ലാ തീരുമാനങ്ങളും മദ്രാസ് ഹൈക്കോടതി റദ്ദ് ചെയ്തിട്ടുണ്ട്. ഇതോടെ ഒ പനീർ ശെൽവം എഐഡിഎംകെ കോ ഓഡിനേറ്ററും, എടപ്പാടി പളനിസാമി എഐഡിഎംകെ സഹ കോർഡിനേറ്ററുമാകും.