മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയെ കുറിച്ച് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ പങ്കുവെച്ച അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ശ്രീലങ്ക അതിന്റെ ഏറ്റവും കഠിനമായ അവസ്ഥയിലൂടെ പോകുമ്പോള്‍ മമ്മൂട്ടിയുടെ സന്ദര്‍ശനം രാജ്യത്തിന് ഉണര്‍വ്വാകുമെന്നാണ് ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡർ കൂടിയായ സനത് ജയസൂര്യയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. കൊളമ്പോയില്‍ സിനിമാ ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ കാണാന്‍ സർക്കാർ പ്രതിനിധിയായ ജയസൂര്യ എത്തുകയായിരുന്നു.
”മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ സന്ദർശിക്കാനായത് ബഹുമതിയായി കാണുന്നു. മമ്മൂക്ക, സർ, നിങ്ങൾ ശരിക്കും ഒരു സൂപ്പർ സ്റ്റാർ തന്നെ. ശ്രീലങ്കയിലേക്ക് വന്നതിന് വളരെയധികം നന്ദി. ഞങ്ങളുടെ രാജ്യം ആസ്വദിക്കുന്നതിന് ഇന്ത്യയിൽ നിന്നുള്ള എല്ലാ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നു.” ജയസൂര്യ ട്വീറ്റ് ചെയ്തു.
എം.ടി. വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി സിനിമാസീരീസിനു വേണ്ടി ഒരുക്കുന്ന കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. എം.ടി വാസുദേവൻ നായരുടെ രചനയിൽ രഞ്ജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
ബുധനാഴ്ച ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്.