സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച ഉത്തരവും പരാമർശങ്ങളും അസംബന്ധവും അതിരുവിട്ടതും നിയമപരമായി നിലനിൽപ്പില്ലാത്തതുമെന്ന് നിയമവിദഗ്ധർ. ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ തെളിവ് കണക്കിലെടുത്ത് വിധി പറഞ്ഞത് അതിരുവിട്ട നടപടിയാണെന്നാണ് ആക്ഷേപം. ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള കേസുകൾ പരിഗണിക്കുമ്പോൾ പാലിക്കേണ്ട സുപ്രിംകോടതി നിർദ്ദേശങ്ങളുടെ ലംഘനം കൂടിയാകുമ്പോൾ, ജഡ്ജി പുലിവാലു പിടിക്കേണ്ടി വരുമെന്നാണ് പൊതുവേ നിയമവൃത്തങ്ങളിൽ നിന്നുയരുന്ന പ്രതികരണം.
പ്രതിയ്ക്ക് ജാമ്യം കൊടുക്കുക മാത്രമല്ല, ഏതാണ്ട് അന്തിമ വിധിയാണെന്ന് കരുതാവുന്ന തരത്തിൽ കേസു തന്നെ തള്ളിക്കളയുകയാണ് ജഡ്ജി ചെയ്തത് എന്നാണ് പൊതുവെ ഉയരുന്ന വിമർശനം. അതിന് പ്രതിയുടെ വാദങ്ങളും ഹാജരാക്കിയ തെളിവുകളും മാത്രമാണ് ജഡ്ജി പരിഗണിച്ചത്. ഇത് അതിരുവിട്ട നടപടിയാണെന്നാണ് ആക്ഷേപം. തെളിവുകളുടെ വാസ്തവം പരിശോധിക്കാനുള്ള ചുമതലയും കോടതിയ്ക്കുണ്ട്. ഇലക്ട്രോണിക് തെളിവുകളുടെ സാധുത പൊലീസിനെ കൊണ്ടു പരിശോധിപ്പിച്ച ശേഷമേ സ്വീകരിക്കാൻ പാടുള്ളൂ. അതൊന്നും ഈ കേസിൽ നടന്നിട്ടില്ല.
പരാതി നൽകാനെടുത്ത കാലതാമസവും പ്രതിയുടെയും അതിജീവിതയുടെയും ആരോഗ്യത്തെയും കായികശേഷിയെയും കുറിച്ചു നടത്തിയ നിരീക്ഷണവുമൊന്നും ജാമ്യം നൽകുന്ന ഉത്തരവിൽ പരാമർശിക്കേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതെല്ലാം അധികാരപരിധി ലംഘിക്കുന്ന നടപടികളാണെന്നാണ് പൊതുവെ ഉയരുന്ന വിമർശനം.
ഇക്കാര്യങ്ങളും സുപ്രിംകോടതി മാർഗനിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനവും ചൂണ്ടിക്കാട്ടി ഹൈക്കോടതിയ്ക്ക് അതിജീവിത പരാതി നൽകിയാൽ ജഡ്ജി പുലിവാലു പിടിക്കുമെന്നും നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു. പരാതി ലഭിച്ചാൽ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി വിഷയം പരിശോധിക്കും. ആക്ഷേപമുള്ള വിധിന്യായങ്ങൾ പരിശോധിച്ച ശേഷം, വിഷയം ഹൈക്കോടതിയുടെ അച്ചടക്ക സമിതിയ്ക്കു വിടും. കുറ്റം തെളിഞ്ഞാൽ പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ തടഞ്ഞുവെയ്ക്കൽ, സ്ഥലം മാറ്റം എന്നീ ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.