തമസ്കരണത്തിന് മറുപടി എന്ന അവകാശവാദവുമായി വരുന്ന പുസ്തകം തന്നെ തമസ്കരണക്കുരുക്കില്പ്പെട്ടാലോ? സി അച്യുതമേനോന് : കേരളത്തിൻ്റെ വികസന ശില്പി എന്ന സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി കെ പ്രകാശ് ബാബുവിൻ്റെ പുസ്തകത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. സി അച്യുതമേനോൻ്റെ ഭരണകാലത്ത് കേരളത്തില്‍ അസംഖ്യം സ്ഥാപനങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. അതെല്ലാം അച്യുതമേനോന് എന്ന ഭരണാധികാരിയുടെ തലച്ചോറില്‍ പിറവിയെടുത്തതാണ് എന്നാണ് പ്രകാശ് ബാബുവും കൂട്ടരും അവകാശപ്പെടുന്നത്. എങ്കിലല്ലേ വികസന ശില്പി എന്ന പ്രയോഗം സാധുവാകൂ…
പക്ഷേ, പ്രസക്തമായ ഒരു ചോദ്യമുണ്ട്.
തൻ്റെ ഭരണകാലത്ത് രൂപം കൊണ്ട എല്ലാ സ്ഥാപനങ്ങളുടെയും യഥാര്‍ത്ഥ ശില്പി അച്യുതമേനോനാണോ? അദ്ദേഹത്തിൻ്റെ തലച്ചോറില്‍ ഉരുവം കൊണ്ട്, അദ്ദേഹത്തിൻ്റെ നിരന്തരമായ ഇടപെടലുകളുടെയും ഭാഗമായി രൂപപ്പെട്ടതാണോ ആ സ്ഥാപനങ്ങള്‍. ആണെങ്കില്‍, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അതിനുള്ള ഒരു തെളിവും പുസ്തകത്തിലില്ല.
കുറേ സ്ഥാപനങ്ങളുടെ പട്ടികയുണ്ട്, അവയെല്ലാം അദ്ദേഹത്തിൻ്റെ ഭരണകാലത്ത് സ്ഥാപിതമായതുമാണ്. എന്നുവെച്ച്, സ്ഥാപനങ്ങളെല്ലാം അച്യുതമേനോൻ്റെ തലച്ചോറിൻ്റെ സൃഷ്ടി എന്ന് വാദിക്കാനുള്ള തെളിവ് എവിടെ? മിനിമം അച്യുതമേനോനെങ്കിലും അങ്ങനെ അവകാശപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം വേണ്ടേ….
ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്ന സ്ഥാപനമുണ്ട്. കെ പ്രകാശ്ബാബുവും കൂട്ടരും അച്യുതമേനോൻ്റെ പേരില്‍ നടത്തുന്ന തമസ്കരണങ്ങളുടെ ഏറ്റവും നല്ല ഉദാഹരണമാണ് ആ സ്ഥാപനത്തിൻ്റെ ചരിത്രം. സ്ഥാപനത്തിന് തറക്കല്ലിട്ടതും ഉദ്ഘാടനം ചെയ്യപ്പെട്ടതും അച്യുതമേനോൻ്റെ കാലത്ത്. അത് ശരിയാണ്. പക്ഷേ, ആ സ്വപ്നം പിറന്നത് എവിടെയാണ്? ശ്രീചിത്രയെന്ന സ്ഥാപനത്തിൻ്റെയും ആശയത്തിൻ്റെയും യഥാര്‍ത്ഥ അവകാശി അച്യുതമേനോനാണോ? …
ഡോ. എം. എസ്. വല്യത്താന് എന്ന അധിപനെ നിയോഗിച്ചു എന്നതു മാത്രമാണ് അച്യുതമേനോൻ്റെ ഇടപെടലായി പുസ്തകത്തിലുള്ളത്. ശ്രീചിത്രയുടെ ചരിത്രം പറയുമ്പോള്‍ അത്രയും പറഞ്ഞാല്‍ മതിയോ?
പോര. ആ ചോദ്യത്തിനുത്തരം തേടി ഞങ്ങള്‍ 1970കളിലേയ്ക്കുപോയി. അക്കാലത്താണ് ശ്രീചിത്രയ്ക്കു തറക്കല്ലിട്ടത്. 1970 ഡിസംബര്‍ 2ന് അന്നത്തെ ഗവര്‍ണര്‍ വി. വിശ്വനാഥന്.
അതിൻ്റെ റിപ്പോര്‍ട്ട് കാണുക. ശ്രീചിത്രയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് ഗവര്‍ണര്‍ വാഴ്ത്തിപ്പാടിയത് രാജകുടുംബത്തെയാണ്. അവര്‍ നല്കിയ 12 ലക്ഷം രൂപയുടെ സംഭാവനയിലാണ് ശ്രീചിത്രയുടെ തുടക്കം. എല്ലാറ്റിനും ഗവണ്മെന്റിനെ നോക്കിയിരുന്നാല്‍ പറ്റില്ലെന്ന ഉപദേശവുമുണ്ട്. ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് ആരോഗ്യമന്ത്രി എന്‍ കെ ബാലകൃഷ്ണന്. അദ്ദേഹം സര്‍ക്കാരിൻ്റെ പേരില്‍ രാജാവിന് കൃതജ്ഞത പ്രകാശിപ്പിച്ചു. ശ്രദ്ധിക്കുക. അച്യുതമേനോന് ആ ചടങ്ങില്‍ ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, ആശുപത്രി അച്യുതമേനോൻ്റെ ബ്രെയിന്‍ ചൈല്ഡാണെന്ന് ആരും പറഞ്ഞതുമില്ല.
ഡിസംബര്‍ 5ന് മനോരമ മുഖപ്രസംഗമെഴുതി. അവരും വാഴ്ത്തിയത് രാജകുടുംബത്തെ. സാമൂഹ്യക്ഷേമ പ്രവര്‍ത്തന രംഗത്ത് സര്‍ക്കാരിനെ മാത്രം ആശ്രയിക്കാതെ ധര്മ്മസ്ഥാപനങ്ങള് മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്; ഇതിന് മാതൃക കാണിച്ച തിരുവിതാംകൂര്‍ രാജകുടുംബത്തോട് കേരളീയര്‍ കൃതജ്ഞരായിക്കും എന്നാണ് മനോരമ ഉദ്ബോധിപ്പിച്ചത്.
ഇതേ മനോരമയുടെ കാസര്‍കോട് എഡിഷനില്‍ 2020 ഫെബ്രുവരി 21ന് ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ഓര്‍മകളില്‍ ജ്വലിച്ച് എന്‍കെ: ശതാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കം എന്ന് തലക്കെട്ട്. അച്യുതമേനോന് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന പിഎസ്പി നേതാവ് എന്‍ കെ ബാലകൃഷ്ണൻ്റെ ജന്മശതാബ്ദിയാഘോഷങ്ങളെക്കുറിച്ചാണ് വാര്‍ത്ത. അതില്‍ ഇങ്ങനെയൊരു വാചകം കാണാം.
തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് മെച്ചപ്പെടുത്തിയതും എന്‍കെയാണ്…
കുട്ടമത്ത് എ ശ്രീധരനാണ് ‘കാലത്തില്‍ പതിഞ്ഞ കാല്പാടുകള്‘ എന്ന എന്‍ കെ ബാലകൃഷ്ണൻ്റെ ജീവചരിത്ര ഗ്രന്ഥമെഴുതിയത്. അതിലും എന്‍ കെ ബാലകൃഷ്ണന് എന്ന ആരോഗ്യമന്ത്രിയുടെ തീവ്രപരിശ്രമം കൊണ്ടുണ്ടായ സ്ഥാപനങ്ങളുടെ പട്ടികയിലാണ് ശ്രീചിത്ര ആശുപത്രി.
ആശുപത്രി ഉദ്ഘാടനം ചെയ്യപ്പെട്ട് 1976 ഫെബ്രുവരി 28ന്. അക്കൊല്ലം മുതലുള്ള അച്യുതമേനോൻ്റെ ഡയറിക്കുറിപ്പുകള്‍ പൊതുസമൂഹത്തിനു മുന്നിലുണ്ട്.
ഉദ്ഘാടനപ്പിറ്റേന്ന് 29 ഞായറിന് അദ്ദേഹം ഇങ്ങനെയെഴുതി.
ശ്രീ ചിത്തിര മെഡിക്കല്‍ കേന്ദ്രം ഉദ്ഘാടനം. ഉദ്ഘാടനം നന്നായി. കെട്ടിടം നടന്നു കണ്ടു. മടങ്ങി വന്നു. കിടന്നുറങ്ങി. ഊണു കഴിഞ്ഞ് വീണ്ടും ഉറങ്ങി. പിന്നെ അത്യാവശ്യം ഫയലുകള്‍ നോക്കി. സമയം മതിയായില്ല.
തൻ്റെ മഹത്തായ സ്വപ്നം പൂവണിഞ്ഞതിൻ്റെ ആവേശമൊന്നുമില്ലാത്ത നിര്മമ്മായ കുറിപ്പ്. നിര്‍മമത അച്യുതമേനോൻ്റെ സ്വഭാവ സവിശേഷതയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
പക്ഷേ, താന്‍ കണ്ട സ്വപ്നം കണ്മുന്നില് പൂര്‍ത്തിയാകുമ്പോള്‍, ഒരു വികസനശില്പിയ്ക്ക് ഇത്രയും നിര്മമനാകാന് കഴിയുമോ? അതോ ചിത്തിര തിരുനാളില്‍ തുടങ്ങി, എന്‍ കെ ബാലകൃഷ്ണനിലൂടെ യാഥാര്‍ത്ഥ്യമായ ഒരു സ്ഥാപനത്തിൻ്റെ പേരില്‍ വ്യക്തിപരമായ ആവേശപ്രകടനമൊന്നും വേണ്ടെന്ന ചിന്തയിലാണോ അച്യുതമേനോന് അന്ന് കൂടുതല്‍ സമയം കിടന്നുറങ്ങിയത്.
അച്യുതമേനോന് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച അസംഖ്യം സ്ഥാപനങ്ങളുണ്ട്. അവയില്‍ ഇതുപോലെ എത്രയെണ്ണം, മറ്റുള്ളവരുടെ ആശയവും പ്രയത്നവും കൊണ്ട് യാഥാര്‍ത്ഥ്യമായിട്ടുണ്ട്? എന്‍ കെ ബാലകൃഷ്ണനെപ്പോലെ, ചിത്തിര തിരുനാളിനെപ്പോലെ. അച്യുതമേനോൻ്റെ ഖ്യാതിയും ശേഷിയും സ്ഥാപിക്കാന്‍ ഇത്തരം പേരുകളെ തമസ്കരിക്കേണ്ടതുണ്ടോ? ഇതുപോലെ ഓരോ സ്ഥാപനത്തിൻ്റെയും പിറകെ പോയാലോ?
തൻ്റെ സഹപ്രവർത്തകരുടെ പേരും ചരിത്രത്തില്‍ കണ്ടുവെന്നുവെച്ച് അച്യുതമേനോനെന്ന ഭരണാധികാരിയുടെ മികവ് ഇടിഞ്ഞുപോവുകയൊന്നുമില്ല. ആ ആത്മവിശ്വാസമാണ് പ്രകാശ് ബാബുവിൻ്റെ പുസ്തകത്തില്‍ നഷ്ടപ്പെട്ടത്.