കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡിൻ്റെയും കെഎസ്എഫ്ഇയുടെയും പിതൃത്വം അച്യുതമേനോനില്‍ ചാരുന്ന സിപിഐ അനുഭാവികളുടെ അവകാശവാദം പിന്‍വലിച്ചും, ശ്രീചിത്ര ആശുപത്രിയുടെ യഥാര്‍ത്ഥ അവകാശികളെ തമസ്കരിച്ചും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവിൻ്റെ പുസ്തകം പുറത്തിറങ്ങി.
സി അച്യുതമേനോന് കേരള വികസനത്തിൻ്റെ ശില്പി എന്ന പുസ്തകത്തിലാണ് അനുഭാവികളുടെ പ്രചരണത്തെ നേതാവ് തള്ളിപ്പറയുന്നത്. കൊല്ലം ജില്ലാ സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദാണ് പുസ്തകം പ്രകാശനം ചെയ്തത്. മുല്ലക്കര രത്നാകരൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അച്യുതമേനോൻ്റെ മകന് രാമന്‍കുട്ടി പുസ്തകം ഏറ്റുവാങ്ങി.
ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ യഥാര്‍ത്ഥ ശില്പികളെ പുസ്തകം തമസ്കരിച്ചതാണ് കൗതുകം. അച്യുതമേനോനെ തമസ്കരിക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി എന്ന അവകാശവാദത്തോടെ പുറത്തു വന്ന പുസ്തകത്തിലാണ് ശ്രീചിത്രയുടെ യഥാര്‍ത്ഥ അവകാശികള്‍ക്ക് ഇടം നഷ്ടപ്പെട്ടത്. വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയകള്‍ക്കുമായി മെഡിക്കല്‍ കോളജ് കാമ്പസില്‍ ബഹുനിലക്കെട്ടിടവും 12 ലക്ഷം രൂപയും സംഭാവന നല്കിയ ചിത്തിര തിരുനാളിനെക്കുറിച്ചോ സ്ഥാപനം യാഥാര്‍ത്ഥ്യമാക്കാന്‍ അഹോരാത്രം പണിപ്പെട്ട അന്നത്തെ ആരോഗ്യമന്ത്രി എന്‍ കെ ബാലകൃഷ്ണനെക്കുറിച്ചോ പുസ്തകത്തില്‍ ഒരു പരാമര്‍ശവുമില്ല.
അവതാരികയെഴുതിയ പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ്റെ അവകാശവാദങ്ങളെ ഗ്രന്ഥകാരന് തിരുത്തുന്നതും പുസ്തകത്തിൻ്റെ പ്രത്യേകതയാണ്. സി അച്യുതമേനോന് ജീവിത ചിത്രങ്ങള്‍ എന്ന ജീവചരിത്രഗ്രന്ഥത്തില്‍ നടത്തിയ അവകാശവാദങ്ങളില്‍ നിന്നാണ് കെ പ്രകാശ് ബാബു പിന്നോട്ടു പോകുന്നത്. കേരള ഫിനാന്‍ഷ്യല്‍ എന്റര്പ്രൈസസിനെക്കുറിച്ചാണ് വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയത്. കേരള ജനതയ്ക്ക് ആവശ്യപ്പെടാതെ അച്യുതമേനോന് അറിഞ്ഞു നല്കിയ അര്‍ത്ഥവത്തായ ഒരുപഹാരമാണ് കെഎസ്എഫ്ഇ എന്ന് വിശ്വമംഗലം സുന്ദരേശന് തൻ്റെ പുസ്തകത്തില്‍ അവകാശപ്പെട്ടിരുന്നു (പേജ് 271).
യഥാര്‍ത്ഥത്തില്‍ കെഎസ്എഫ്ഇയുടെ രൂപീകരണപ്രവര്‍ത്തനങ്ങള്‍ ഇഎംഎസ് സര്‍ക്കാരിൻ്റെ കാലത്ത് ആരംഭിച്ചിരുന്നു എന്ന് തൻ്റെ പുസ്തകത്തില്‍ പ്രകാശ് ബാബു അംഗീകരിക്കുന്നു. 1969 നവംബര്‍ ആറിനാണ് കമ്പനി രജിസ്ട്രാര്‍ കെഎസ്എഫ്ഇയ്ക്ക് രജിസ്ട്രേഷന് നല്‍കിയത്. അച്യുതമേനോന് സര്‍ക്കാര്‍ അധികാരമേറ്റത് നവംബര്‍ ഒന്നിനും. അഞ്ചുദിവസം കൊണ്ട് ഏതായാലും കമ്പനി രജിസ്ട്രേഷന് നടത്താനാവില്ല. കെഎസ്എഫ്ഇ എന്ന ആശയത്തിനും രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ക്രെഡിറ്റ് ഇഎംഎസ് സര്‍ക്കാരിനു തന്നെയാണ്.
സംസ്ഥാന ആസൂത്രണ ബോര്‍ഡിൻ്റെ രൂപീകരണവും അച്യുതമേനോന്റെ കാലത്തായിരുന്നു എന്നാണ് വിശ്വമംഗലം സുന്ദരേശൻ്റെ അവകാശവാദം. സിപിഐ അനുഭാവികള്‍ പ്രചരിപ്പിക്കുന്ന പട്ടികയിലും ഈ സ്ഥാപനമുണ്ട്. എന്നാല്‍ പ്രകാശ് ബാബുവിന്റെ പുസ്തകം ഈ പേര് അച്യുതമേനോന്റെ സംഭാവനപ്പട്ടികയില് നിന്ന് വിട്ടുകളഞ്ഞിട്ടുണ്ട്. ഇഎംഎസ് സര്‍ക്കാരിൻ്റെ കാലത്താണ് പ്ലാനിംഗ് ബോര്‍ഡ് ആരംഭിച്ചതെന്നും അദ്ദേഹമായിരുന്നു ആദ്യ ചെയര്‍മാനെന്നും ബോര്‍ഡിൻ്റെ രേഖകളും വ്യക്തമാക്കുന്നു. ഏതായാലും ഈ അവകാശവാദവും പ്രകാശ് ബാബുവിൻ്റെ പുസ്തകത്തിലില്ല.