പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്ലാവരെയും പോയി തോണ്ടിയിട്ട് തിരിച്ച് കിട്ടുമ്പോള്‍ മോങ്ങുന്ന കുട്ടിയുടെ സ്ഥിതിയാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് റിയാസ്. കേരളത്തിലെ മന്ത്രിമാര്‍ക്ക് പരിചയക്കുറവാണെന്നുള്ള സതീശന്റെ പരാമര്‍ശത്തിനെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം.
കേരളത്തിലെ മന്ത്രിമാര്‍ക്ക് പരിചയക്കുറവാണെന്നാണ് സതീശന് പറഞ്ഞത്. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് ഇപ്പോള്‍ ബാധിക്കുന്ന പക്വത കുറവിന്റെ പ്രശ്നം പരിചയക്കുറവാണോയെന്നും മന്ത്രി ചോദിച്ചു. 21 വര്‍ഷം എംഎല്‍എ ആയിരുന്നത് മാത്രമാണോ ഒരു പൊതുപ്രവര്‍ത്തകന്റെ അനുഭവം. കേരളത്തിലെ ഏത് പാര്‍ട്ടി എടുത്താലും അതിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും ഒരു ജനപ്രതിനിധി പോലും ആകാത്തവരാണ്. ഇവര്‍ക്കൊന്നും അനുഭവം ഇല്ലെന്നാണോ പ്രതിപക്ഷ നേതാവ് പറയുന്നതെന്നും മന്ത്രി ചോദിച്ചു. കരുണാകരനും ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമുള്ള പരിചയസമ്പത്ത് തനിക്കില്ലാത്തത് സതീശനെ അലട്ടുന്ന പ്രശ്നം മറ്റുള്ളവരുടെ തലയില്‍ വെച്ചു കെട്ടരുതെന്നും അദ്ദേഹം പ്രതികരിച്ചു.