സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആയ ‘കേരള സവാരി’ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും. അധികം താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും കേരള സവാരി ലഭ്യമാക്കും. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പാക്കുന്നത്. പ്രവര്‍ത്തനം വിലയിരുത്തി പിന്നീട് സംസ്ഥാനത്താകെ പദ്ധതി നടപ്പിലാക്കും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളില്‍ കേരള സവാരി എത്തും.
കേരള സവാരിയില്‍ നിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയില്ല. തിരക്കുള്ള സമയങ്ങളില്‍ മറ്റു ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ സര്‍വീസുകള്‍ക്ക് ഒന്നര ഇരട്ടിവരെ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിന്റെ ഗുണം യാത്രക്കാര്‍ക്കോ തൊഴിലാളികള്‍ക്കോ ലഭിക്കാറുമില്ല. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജ്ജ് മാത്രമാണ് കേരള സവാരിയില്‍ ഈടാക്കുക. മറ്റ് ഓണ്‍ലൈന്‍ ടാക്‌സികളില്‍ അത് 20 മുതല്‍ 30 ശതമാനം വരെയാണ്.
യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് സേവനം ആരംഭിക്കുന്നത്.