മസാലബോണ്ടില്‍ ഇഡിയുടെ അന്വേഷണം നിയമവിരുദ്ധമാണെന്ന ചൂണ്ടിക്കാട്ടി കിഫ്ബി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ മറുപടി നല്കാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ സമയം തേടി . 10 ദിവസത്തെ സാവകാശം വേണമെന്നാണ് ഇ.ഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസ് വി.ജി അരുണ്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യം അംഗീകരിച്ചു. ഹര്‍ജിയില്‍ തീരുമാനമാകും വരെ അന്വേഷണത്തിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥര്‍ അറിയിച്ചാല്‍ അക്കാര്യം പരിഗണിക്കാമെന്നും ഇ.ഡി കോടതിയില്‍ വാക്കാല്‍ പറഞ്ഞു. അതേസമയം കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ ഇ ഡി അനാവശ്യമായി തടസപ്പെടുത്തുകയാണെന്ന് കിഫ്ബിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. ഫെമ ലംഘനം ഉണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് റിസര്‍വ് ബാങ്കാണ്. കിഫ്ബി ഇടപാടുകള്‍ ഫെമ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയതാണ്. അതുകൊണ്ട് തന്നെ നല്ല ഉദ്ദേശത്തില്‍ അല്ല ഇ.ഡി സമന്‍സ് അയച്ചതെന്നും ഈ പശ്ചാത്തലത്തില്‍ ഇ. ഡിയുടെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും കിഫ്ബി ആവശ്യപ്പെട്ടു. എന്നാല്‍ അന്വഷണം സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. കേസ് സെപ്റ്റംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും.