മൊഴിയെടുപ്പിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി, ഉന്നതരുടെ പേരു പറയിപ്പിക്കാൻ ഇഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കിഫ്ബി ഉദ്യോഗസ്ഥ. ഫെമയുടെ പതിമൂന്നാം വകുപ്പു പ്രകാരമാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെങ്കിലും, ചോദ്യങ്ങളൊന്നും അതുമായി ബന്ധപ്പെട്ടതല്ലെന്ന് കിഫ്ബി ജോയിൻ്റ് ഫണ്ട് മാനേജർ ആനി ജൂലീ തോമസ്, ഇഡി ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിന് നൽകിയ കത്തിൽ വ്യക്തമാക്കി.
ഇഡി ഉദ്യോഗസ്ഥരുടെ പെരുമാറ്റം മര്യാദയില്ലാത്തതും ശത്രുതാപരവും ഒരു പ്രത്യേകതരത്തിലുള്ള ഉത്തരത്തിന് പ്രേരിപ്പിക്കുന്നതുമാണെന്നും കിഫ്ബി ഉദ്യോഗസ്ഥ തുറന്നടിക്കുന്നു. മൊഴി വായിച്ചു നോക്കാതെ ഒപ്പിടാൻ നിർബന്ധിച്ചു എന്ന ഗുരുതരമായ ആരോപണവും കത്തിലുണ്ട്.
ഉന്നതർക്കെതിരെ മൊഴി ലക്ഷ്യമിട്ടാണ് കഴിഞ്ഞ ഒന്നര വർഷമായി കിഫ്ബിയിൽ ഇഡി ഉദ്യോഗസ്ഥർ വട്ടം ചുറ്റുന്നത് എന്ന ആരോപണം ശരിവെയ്ക്കുന്നതാണ് ആനി ജൂലി തോമസിന്റെ കത്ത്. ചോദ്യം ചെയ്യാനെന്ന പേരിൽ രാവിലെ 10 മണി മുതൽ 5 മണി വരെ വിളിച്ചിരുത്തിയിട്ടും ചോദ്യങ്ങളൊന്നും ഫെമ ലംഘനവുമായി ബന്ധപ്പെട്ടതല്ല എന്ന വെളിപ്പെടുത്തൽ അന്വേഷണത്തിന്റെ ദുഷ്ടലാക്ക് തുറന്നു കാട്ടുന്നു.
മൊഴി വായിച്ചു നോക്കാതെ ഒപ്പിടാൻ നിർബന്ധിച്ചപ്പോൾ വിസമ്മതിച്ചെന്ന വെളിപ്പെടുത്തലും ഗുരുതരമാണ്. പറയാത്ത കാര്യം പറഞ്ഞുവെന്ന് എഴുതിപ്പിടിപ്പിക്കാനുള്ള ശ്രമം അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകാനുള്ള സാധ്യതയിലേയ്ക്കാണ് ഈ ആരോപണം വിരൽ ചൂണ്ടുന്നത്.
ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം ആദ്യത്തെ രണ്ടു സമൺസിനു മറുപടിയായി ഹാജരാക്കിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതേക്കുറിച്ചൊന്നും ചോദ്യങ്ങളോ സംശയനിവാരണമോ ഇല്ല. പകരം തൻ്റെ സ്വകാര്യ വിവരങ്ങളിലേയ്ക്ക് കടന്നു കയറാനാണ് ഇഡി ശ്രമിക്കുന്നത് എന്ന് കത്തിൽ ആരോപിക്കുന്നു. ബാങ്ക് അക്കൗണ്ടിൻ്റെ വിശദാശംങ്ങളും ഇൻകം ടാക്സ് രേഖകളുമെല്ലാം ഇതിനകം ഹാജരാക്കിയിട്ടുണ്ട്.
ഇത്തരം വ്യക്തിപരമായ വിവരങ്ങൾ നൽകേണ്ടതിന്റെ ആവശ്യമെന്താണ് എന്ന് ബോധ്യപ്പെടാതെയാണ് രേഖകൾ നൽകിയത്. ഇതെല്ലാം കാടും പടലും തല്ലുന്ന അന്വേഷണ ശൈലിയുടെ നിർവചനത്തിൽപ്പെടുന്നാണ് എന്ന് ആനി ജൂലി തോമസ് ചൂണ്ടിക്കാട്ടുന്നു.
ശല്യം ചെയ്യാനും പീഡിപ്പിക്കാനും വേണ്ടി നടത്തുന്ന ഈ അന്വേഷണ രീതി മൂലം കിഫ്ബിയുടെയും സർക്കാരിന്റെയും സമയവും പണവും നഷ്ടപ്പെടുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്തു ചുരുക്കുന്നത്.