പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന് സല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പ്രതികരിക്കാതെ ബിജെപി. റുഷ്ദി ആക്രമിക്കപ്പെട്ട ശേഷം ബിജെപി നേതാക്കളും, വക്താക്കളും പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നിരവധി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ വംശജനായ എഴുത്തുകാരന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ മാത്രമാണ് വിഷയത്തില്‍ ഇതേവരെ പ്രതികരിച്ചത്. എന്നാല്‍ സല്മാന് റുഷ്ദിക്കെതിരായ ആക്രമണം ശ്രദ്ധയില്‍പ്പെട്ടുവെന്ന് മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം. നേരത്തെ സല്മാന് റുഷ്ദിയുടെ പുസ്തകമായ സാത്താനിക് വേഴ്സസ് രാജീവ് ഗാന്ധി സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ ഹിന്ദു മതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിന് ഇതല്ല സമീപനമെന്നായിരുന്നു ബിജെപി നിലപാട്.
വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ടരയോടെ ഷതാക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിന് എത്തിയപ്പോഴാണ് റുഷ്ദിക്ക് കുത്തേറ്റത്. പിടിയിലായ അക്രമി ന്യൂജഴ്സി ഫെയര്‍വ്യൂ സ്വദേശി ഹാദി മറ്റര്‍ (24)പൊലീസ് കസ്റ്റഡിയിലാണ്.