ബലാത്സംഗ കേസിൽ പ്രതികളായ പതിനൊന്നു പേരെ വിട്ടയച്ച് ഗുജറാത്ത് സർക്കാർ. ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ, കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെയാണ് ഗുജറാത്ത് സർക്കാർ ജയിൽ മോചിതരാക്കിയത്. ഇന്ത്യൻ മനഃസാക്ഷിയെയും മതേതരത്വത്തെയും ആഴത്തിൽ മുറിവേൽപ്പിച്ച സംഭവമാണ് ഗുജറത്ത് കലാപം. ഗുജറാത്ത് കലാപത്തിനിടെയിലാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. ബലാൽസംഘത്തിന് ഇരയാകുമ്പോൾ ബിൽക്കീസ് ബാനു അഞ്ച് മാസം ഗർഭിണിയായിരുന്നു. ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തു.
ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം പ്രതികളെ ശിക്ഷിച്ചത്. ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർജോലിയും വീടും നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശവും നൽകി.
എന്നാൽ ജയിലിൽ പതിനഞ്ച് വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്നാണ് ഇവരെ വിട്ടയയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.
ഗുജറാത്ത് കലാപം, ബിൽക്കീസ് ബാനു കൂട്ടബലാൽസംഘം, കൊലപാതകം എന്നീ കേസുകളിൽ നേരത്തെ തന്നെ പ്രതികളെ സഹായിക്കുന്ന സമീപനമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ സ്വീകരിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു ആ സമയത്തെ ഗുജറാത്ത് മുഖ്യമന്ത്രി. സംഭവത്തിൽ പ്രതികളെ പിടികൂടാൻ രണ്ടുവർഷം വേണ്ടിവന്നു. ഇന്ന് ബിജെപി നേതാവ് ബുപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായിരിക്കെ പ്രതികളെ വിട്ടയക്കാനും തീരുമാനിച്ചു.