സംസ്ഥാനത്തെ റോഡുകൾ ശോചനീയമാണെന്ന് ആരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഈ പ്രതിഷേധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വണ്ടൂരിലും യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളാംമ്പുറം – പാലമഠം റോഡിൽ വാഴ നട്ടുകൊണ്ടായിരുന്നു യൂത്ത് ലീഗിന്റെ പ്രതിഷേധം. സമൂഹ മാധ്യമങ്ങളിൽ വൻ പ്രചരണം നടത്തുകയും ചെയ്തു.
എന്നാൽ പിന്നീടാണ് യൂത്ത് ലീഗുകാർക്ക് കാണിച്ചുകൂട്ടിയ മണ്ടത്തരം മനസിലായത്. യൂത്ത് ലീഗുകാർ വാഴ നട്ടത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിലായിരുന്നില്ല. വാഴ നട്ടത് പഞ്ചായത്ത് റോഡിലായിരുന്നു. വർഷങ്ങളായി ഈ റോഡ് ഉൾപ്പെടുന്ന വണ്ടൂർ പഞ്ചായത്ത് ഭരിക്കുന്നതാകട്ടെ യുഡിഎഫും. എതായാലും യൂത്ത് ലീഗുകാരുടെ മണ്ടത്തരം ഡി വൈ എഫ് ഐ അവസരമാക്കി. സ്വന്തം പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടിന്റെ അടയാളമാണ് യൂത്ത് ലീഗുകാർ തന്നെ നട്ട ഈ വാഴയെന്നും അത് സംരക്ഷിക്കാനാണ് തീരുമാനമെന്നും ഡി വൈ എഫ് ഐ പ്രഖ്യാപിച്ചു.