അസമിലെ 8 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒരുമാസത്തിനകം പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി. അസമിലെ ബിജെപി എംഎല്‍എ പ്രശാന്ത ഫൂക്കനാണ് അവകാശവാദവുമായി രംഗത്തെത്തിയത്. 9 കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബിജെപി നേതൃത്വം ചര്‍ച്ചകള്‍ നടത്തി. ഇതില്‍ 8 പേര്‍ ഒരു മാസത്തിനകം പാര്‍ട്ടിയിലെത്തും. എംഎല്‍എ സ്ഥാനം രാജിവച്ചാകും ഇവരെല്ലാം ബിജെപിയില്‍ ചേരുകയെന്നും പ്രശാന്ത ഫൂക്കന്‍ പറഞ്ഞു. ദിബ്രുഗഡ് മണ്ഡലത്തിലെ എംഎല്‍എയായ ഫൂക്കന്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട ബിജെപി നേതാവാണ്.
അതേസമയം അവകാശവാദം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തള്ളി. വ്യാജ അവകാശവാദമാണെന്നും ബിജെപിക്കെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്ന ഗൗരവ് യാത്രയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ലക്ഷ്യമിട്ടാണ് ബിജെപി പ്രചരണമെന്നും അസം പിസിസി അധ്യക്ഷന്‍ ഭൂപേന്‍ കുമാര്‍ ബോറ പറഞ്ഞു.
126 അംഗ അസം നിയമസഭയില്‍ കോണ്‍ഗ്രസിന് നിലവില്‍ 24 അംഗങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം രണ്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അസമിലെ 22 പ്രതിപക്ഷ എംഎല്‍എമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്്തിരുന്നു. ഇതിനിടെയാണ് 8 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന ബിജെപി നേതാവിന്റെ അവകാശവാദം.