കിഫ്ബി സംബന്ധിച്ച് തോമസ് ഐസക്ക് നൽകിയ ഹർജിയിലെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ കോടതിയ്ക്കു ബോധ്യമായി എന്നു തെളിയിക്കുന്ന സംഭവങ്ങളാണ് ഹൈക്കോടതിയിൽ നടന്നത്. ഇഡിയ്ക്കു വേണ്ടി ഹാജരായ കേന്ദ്രസർക്കാർ അഭിഭാഷകന് കോടതി ഉന്നയിച്ച ഒരു ചോദ്യത്തിനും ഉത്തരം പറയാനായില്ല.
പ്രസക്തമായ നിരീക്ഷണങ്ങളാണ് ജസ്റ്റിസ് വി ജി അരുൺ ഹർജി പരിഗണിക്കവെ ഉന്നയിച്ചത്. വിശദമായി ലൈവ് ലോ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. സമൺസ് പ്രകാരം ഹാജരാക്കേണ്ട രേഖകളിൽ തന്റെയും കുടുംബാംഗങ്ങളുടെയും വസ്തുവകകളുടെ വിവരങ്ങളൊക്കെയുണ്ടെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ഐസക്കിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ ഘട്ടത്തിൽ കോടതി ഇഡിയോട് ഇങ്ങനെ ചോദിച്ചു.
“സ്വകാര്യത അദ്ദേഹത്തിന്റെ അവകാശമാണ്. വ്യവസ്ഥാപിതമായ നിയമവഴികളിലൂടെ മാത്രമേ അത് ഹനിക്കാൻ പറ്റൂ. ഈ പ്രാഥമിക ഘട്ടത്തിൽ എന്തിനാണ് നിങ്ങൾ ഇത്രയും വിശദാംശങ്ങൾ ആരായുന്നത്? ഇവയെല്ലാം ഹാജരാക്കേണ്ടതാണ് എന്ന നിഗമനത്തിൽ നിങ്ങൾ എത്തിച്ചേർന്നത് ഏത് സാഹചര്യത്തിലാണ്? ഈ രേഖകൾ നിങ്ങൾ എന്തുകൊണ്ട് ആവശ്യപ്പെട്ടു എന്ന ചോദ്യത്തിന് എനിക്കുത്തരം വേണം.
കുറ്റാരോപിതന്റെയോ സംശയിക്കപ്പെടുന്ന ആളിന്റെയോ കാര്യത്തിലാണെങ്കിൽ, ഇത് ന്യായീകരിക്കത്തതാണ്. പക്ഷേ, അങ്ങനെയല്ലാത്ത ഒരാളിൽ നിന്ന് ഇത്രയും വിപുലമായ സ്വകാര്യവിവരങ്ങൾ ശേഖരിക്കുന്നെങ്കിൽ, അതിനുള്ള കാരണം വിശദീകരിക്കപ്പെടണം” ആദ്യത്തെ സമൻസും രണ്ടാമത്തെ സമൺസും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ചും കോടതി ഇഡിയോടു ചോദ്യമുന്നയിച്ചു. ആദ്യം നൽകിയ സമൺസിൽ വ്യക്തിവിവരങ്ങൾ ചോദിച്ചിട്ടില്ലെന്നും രണ്ടാമത്തെ സമൺസിലാണ് അവ ചോദിച്ചതെന്നും ഐസകിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ആദ്യ സമൺസിൽ പറയാത്ത കാര്യങ്ങൾ രണ്ടാമത്തെ സമൺസിൽ ആവശ്യപ്പെട്ടതിന്റെ കാരണം ഈ ഘട്ടത്തിൽ കോടതി കേന്ദ്ര അഭിഭാഷകനോട് ആരാഞ്ഞു. അപ്പോഴായിരുന്നു, വിശദീകരിക്കാൻ കൂടുതൽ സമയം വേണമെന്ന മറുപടി.