പാഷാണം ഷാജിയുടെ മനഃസുഖം; ഒരു മനോരമാ എപ്പിസോഡ്
കഷ്ടമാണ് മനോരമയുടെ കാര്യം. മനസിലാക്കാവുന്നതേയുള്ളൂ അവരുടെ സങ്കടം. ഇഡിയുടെ കുരുക്കിൽ ഐസക് പിടയുന്നതും കാത്തിരുന്നതാണ്. അപ്പോഴാണ് മേപ്പടിയാൻ കോടതിയിൽ പോയി കാര്യങ്ങൾ കുളമാക്കിയത്. ഐസക്കിന്റെ പേരിലുള്ള കേസെന്തെന്നും ആദ്യത്തെ നോട്ടീസിൽ പറയാത്ത കാര്യങ്ങൾ രണ്ടാമത്തെ സമൺസിൽ വന്നതിന്റെ കാരണവും കോടതി ചോദിച്ചു. ഇഡിയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. ഇഡിയ്ക്ക് കോടതിയുടെ തിരിച്ചടിയെന്ന് വാർത്ത വരുന്നു.
മനോരമയെന്തു ചെയ്യും? സങ്കടവും രോഷവും കൊണ്ട് മാനസിക നില തെറ്റിപ്പോകും. പാലു ചുരത്തുന്ന അകിട്ടിൽ നിന്ന് ചോര കറന്നാണ് ശീലം. അതു കുടിച്ചാണ് തടിച്ചതും തുടുത്തതും. ഐസക്കിനെതിരെ വാർത്ത കൊടുക്കാനെന്തു വഴി? തലപുകഞ്ഞാലോചിച്ചവരുടെ മുന്നിൽ ഐഡിയ വിടർന്നു. തോമസ് ഐസക്കിന് കോടതി സാവകാശം കൊടുത്തു എന്നു പറയാം. പാഷാണം ഷാജി പറയുന്നതുപോലെ, ഒരു മനഃസുഖം.
സത്യത്തിൽ കോടതി സാവകാശം കൊടുത്തത് ഇഡിയ്ക്കാണ്. കോടതിയോട് ഐസക്ക് ഒരു സാവകാശവും ചോദിച്ചിട്ടില്ല. പലതും ചോദിച്ചതിനിടെ, കോടതി കേന്ദ്രത്തിന്റെ അഭിഭാഷകനോട് ഇങ്ങനെ ചോദിച്ചു.
“ആദ്യ സമൺസിൽ പറയാത്തതു പലതും രണ്ടാമത്തെ സമൺസിൽ പറഞ്ഞിട്ടുണ്ടല്ലോ… എന്താ കാരണം?” ചോദ്യം സിംപിളായിരുന്നു. പക്ഷേ, ഉത്തരം അത്ര ലളിതമായിരുന്നില്ല. അതു പറയാൻ സമയം വേണമെന്നായി കേന്ദ്രത്തിന്റെ വക്കീൽ. എത്ര സമയം വേണമെന്ന് കോടതി. ബുധനാഴ്ച പറയാം എന്ന് വക്കീൽ. മതിയെന്ന് കോടതി. അപ്പോൾ ആർക്കാണ് സാർ കോടതി സാവകാശം കൊടുത്തത്? ഇഡിയ്ക്ക്.
എന്തിന്? കോടതി ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാൻ. അപ്പോൾ നേരെ ചൊവ്വേ മാധ്യമപ്രവർത്തനം നടത്തുന്നവർ എങ്ങനെ വാർത്ത കൊടുക്കും? കോടതിയുടെ ചോദ്യത്തിന് ഉത്തരം പറയാൻ ഇഡിയ്ക്ക് സാവകാശം.
പക്ഷേ, മനോരമ ചെയ്തതെന്താ… ഇഡിയ്ക്ക് കൊടുത്ത സാവകാശത്തെയെടുത്ത് ഐസക്കിന്റെ തോളിലിട്ടു. ഐസക് എന്തെങ്കിലും സാവകാശം ചോദിച്ചോ? ഇല്ല. തന്നോടു ചോദിച്ച രേഖകൾ സംഘടിപ്പിക്കാൻ സമയം വേണമെന്ന് ഐസക്ക് കോടതിയിൽ പറഞ്ഞോ…. ഇല്ലേയില്ല. രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ ഹാജരാക്കണമെന്ന് ഐസക്കിനോട് ആവശ്യപ്പെട്ടു. കോപ്പി കിട്ടാൻ സമയമെടുക്കുമെന്ന് ഐസക്ക് കോടതിയോടോ ഇഡിയോടോ പറഞ്ഞോ…. ഇല്ല. ഐസക്കിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരം ഹാജരാക്കണമെന്നു പറഞ്ഞു. അതിന് സാവകാശം വേണമെന്ന് ഐസക് ആവശ്യപ്പെട്ടോ… ഇല്ല. ഹാജരാകാൻ സാവകാശം വേണമെന്ന് ഐസക് ആവശ്യപ്പെട്ടോ… ഇല്ല. പിന്നെ ഐസക്കിന് സാവകാശം എന്ന തലക്കെട്ടിന് എന്തു പ്രസക്തി? നേരത്തെ പാഷാണം ഷാജിയുടെ കാര്യം പറഞ്ഞില്ലേ…. ഒരു മനഃസുഖം. കുരുക്കു മുറുകും മുറുകും എന്നു പ്രതീക്ഷിച്ചിട്ട് ഒന്നും സംഭവിക്കാതിരിക്കുമ്പോൾ, ഇത്രയല്ലേ ചെയ്തുള്ളൂ എന്നു സമാധാനിക്കുക.