മസാലാബോണ്ടിന്റെ പേരിൽ കിഫ്ബിയെ പൂട്ടാനിറങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഊരാക്കുടുക്കിലാക്കി ഹൈക്കോടതിയിൽ എംഎൽഎമാരുടെ പൊതുതാൽപര്യ ഹർജി. മസാലാ ബോണ്ടിന് അംഗീകാരം നൽകിയ റിസർവ് ബാങ്കിനെ കക്ഷി ചേർത്തുകൊണ്ടാണ് ഇടതുപക്ഷ എംഎൽഎമാരുടെ തിരിച്ചടി. കെ കെ ഷൈലജ ടീച്ചർ, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ഐ ബി സതീഷ്, എം മുകേഷ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കിഫ്ബിയ്ക്കെതിരെ നടത്തുന്ന അന്വേഷണം സംസ്ഥാനത്തിന് കനത്ത സാമ്പത്തികാഘാതം സൃഷ്ടിക്കുമെന്ന് ഹർജിയിൽ മുന്നറിയിപ്പു നൽകുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും.
കിഫ്ബിയ്ക്കെതിരെ ഇഡി നടത്തുന്ന അന്വേഷണം റിസർവ് ബാങ്കിന്റെ അധികാരത്തെ വെല്ലുവിളിക്കുന്നതാണ് എന്നാണ് പ്രധാന ആരോപണം. മസാലാ ബോണ്ടിന് അനുമതി നൽകിയത് റിസർവ് ബാങ്കാണ്. അങ്ങനെ സമാഹരിച്ച നിക്ഷേപം കിഫ്ബി നിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പുകളിൽ നിഷ്കർഷിച്ചിരിക്കുന്നതുപോലെയാണ് ചെലവഴിച്ചിരിക്കുന്നത്. അത് ഫെമ നിയമത്തിന്റെ പരിധിക്കു പുറത്താണെന്നും അതേക്കുറിച്ച് അന്വേഷിക്കാൻ ഇഡിയ്ക്ക് അധികാരമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
റിലയൻസ് ഇൻഡസ്ട്രീസും സെബിയും തമ്മിലുള്ള കേസിൽ അടുത്തിടെ സുപ്രിംകോടതി നടത്തിയ സുപ്രധാനമായ ഒരു നിരീക്ഷണം ഹർജിയിൽ ഉദ്ധരിച്ചിട്ടുണ്ട്. വാണിജ്യസംബന്ധമായ ക്രയവിക്രയങ്ങളിൽ ക്രിമിനൽ നടപടികളെടുക്കുന്നതിൽ ജാഗ്രത വേണമെന്നും വലിയ കമ്പനികൾക്കെതിരെ നിസാരമായ ക്രിമിനൽ നടപടികൾക്കിറങ്ങിപ്പുറപ്പെടുന്നത് രാജ്യത്ത് ദൂരവ്യാപകമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അതുകൊണ്ട് കോടതികൾ ഇക്കാര്യത്തിൽ ഒരു ദ്വാരപാലകന്റെ പങ്കാണ് വഹിക്കേണ്ടതെന്നും ഇത്തരം നടപടികൾക്കു നിയന്ത്രണാധികാരമുള്ള ഏജൻസികൾ മുതിരുന്നത് കരുതലോടെ വേണമെന്നും ഓരോ ഘടകവും വിവേചനബുദ്ധിയോടെ പരിശോധിക്കണമെന്നുമാണ് പരമോന്നത കോടതി നിഷ്കർഷിച്ചത്. കിഫ്ബിയ്ക്കെതിരെയുള്ള ഇഡി നടപടികൾക്കും ഈ നിഷ്കർഷ ബാധകമാണെന്ന് ഹർജിയിൽ വാദിക്കുന്നു.
കേന്ദ്രസർക്കാരിന്റെ ചട്ടുകമായി ഇഡി രാഷ്ട്രീയവേട്ട നടത്തുകയാണ് എന്ന വിമർശനം രാജ്യവ്യാപകമായി ഉയരുമ്പോൾ, കേരളം നടത്തുന്ന ഈ നിയമപോരാട്ടത്തിന്റെ പ്രധാന്യം വലുതാണ്.