പഞ്ചാബില്‍ ഭരണം നഷ്ടമായതിൻ്റെ ഞെട്ടല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുവരെ മാറിയിട്ടില്ല. ഈ വര്‍ഷമാദ്യം നടന്ന തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടമായെന്ന് മാത്രമല്ല, പാര്‍ട്ടി തകര്‍ന്നടിയുകയും ചെയ്തു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെങ്കിലും പിടിച്ചുനില്‍ക്കാനുള്ള പരിശ്രമത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ്. എന്നാല്‍ ഇതൊന്നും മുന്‍ മുഖ്യമന്ത്രി ചരണ്‍സിംഗ് ചന്നിയെ ബാധിക്കുന്നേ ഇല്ല. തെരഞ്ഞെടുപ്പ് തോറ്റതിന് പിന്നാലെ ഇന്ത്യ വിട്ട മുന്‍ മുഖ്യമന്ത്രി പഞ്ചാബിലെത്തിയിട്ട് മൂന്ന് മാസം കഴിഞ്ഞു.
കഴിഞ്ഞ മെയ് മാസം ആദ്യമാണ് ചന്നി വിദേശത്തേക്ക് പറന്നത് .പിന്നീട് പഞ്ചാബിലേക്ക് വന്നിട്ടില്ലെന്നാണ് പഞ്ചാബ് പിസിസി അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗ് തന്നെ വ്യക്തമാക്കുന്നത്. കാനഡ,യുഎസ്എ എന്നീ രാജ്യങ്ങളിലെ തന്റെ ബന്ധുക്കളുടെ അടുത്താണ് കഴിഞ്ഞ മൂന്ന് മാസമായി ചന്നിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നിര്‍ണായകമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ചന്നിയുടെ അസാന്നിദ്ധ്യം നിരാശാജനകമെന്നായിരുന്നു പിസിസി അധ്യക്ഷൻ്റെ പ്രതികരണം. വിദേശത്തേക്ക് പോകുന്ന വിവരം അദ്ദേഹം അറിയിച്ചിരുന്നില്ല. എപ്പോള്‍ തിരികെ വരുമെന്ന് പറഞ്ഞിട്ടുമില്ലെന്നും അമരീന്ദര്‍ സിംഗ് വാറിംഗ് കൂട്ടിച്ചേര്‍ത്തു.
അതേസമയം അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഏജന്‍സികള്‍ പിടിമുറുക്കിയേക്കുമെന്ന ആശങ്കയിലാണ് ചന്നിയുടെ വിദേശവാസമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ തന്നെ വിലയിരുത്തല്‍. എന്നാല്‍ ഈ ആരോപണം തെറ്റെന്നാണ് ചന്നിയുടെ വാദം. ചികിത്സയുടെ ഭാഗമായാണ് വിദേശത്ത് കഴിയുന്നതെന്നാണ് ചന്നിയുടെ വിശദീകരണം.