പരമോന്നത കോടതി വിലക്കിയ കാടും പടലും തല്ലിയുള്ള (fishing and roving enquiry) അന്വേഷണമാണ് കിഫ്ബിയിൽ ഇഡി നടത്തുന്നതെന്നും അതിന്റെ ഭാഗമായി തനിക്ക് നൽകിയ സമൺസ് പിൻവലിക്കണമെന്നും തോമസ് ഐസക്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി സോണൽ അസിസ്റ്റൻ്റ് ഡയറക്ടർക്കു നൽകിയ കത്തിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇഡിയുമായുള്ള അങ്കത്തിൽ വിട്ടുവീഴ്ചയ്ക്കും തങ്ങളുമില്ല എന്ന സിപിഎം നിലപാട് പ്രതിഫലിക്കുന്നതാണ് ഐസക്കിന്റെ കത്ത്. ഇതോടെ സമൺസ് പ്രകാരം വ്യാഴാഴ്ച ഇഡിയ്ക്കു മുന്നിൽ ഐസക് ഹാജരാകില്ലെന്ന് ഉറപ്പായി.
ഇഡി ചോദിക്കുന്നത് കൈവശമില്ലാത്ത രേഖകൾ
ധനമന്ത്രിയെന്ന നിലയിലാണ് കിഫ്ബിയുടെ ചുമതല വഹിച്ചത് എന്ന് ഐസക് വ്യക്തമാക്കുന്നു. ഏതു രേഖയും കിഫ്ബിയിൽ നിന്ന് ഇഡിയ്ക്ക് ശേഖരിക്കാവുന്നതേയുള്ളൂ. അതിന് തന്നെ വിളിച്ചു വരുത്തേണ്ട കാര്യമില്ല. ഇപ്പോൾ താൻ മന്ത്രിയോ എംഎൽഎയോ അല്ലെന്നും അതിനാൽ രേഖകൾ സമാഹരിക്കാൻ കിഫ്ബിയിൽ പ്രവേശിക്കാനാവില്ലെന്നും ഐസക് ചൂണ്ടിക്കാട്ടുന്നു.
മസാലാ ബോണ്ടിൽ ഫെമ ലംഘനമില്ല, എല്ലാം ആർബിഐ നിർദ്ദേശപ്രകാരം.മസാലാ ബോണ്ടിനെക്കുറിച്ചാണ് അന്വേഷണമെന്ന് സമൺസിൽ എവിടെയും പറഞ്ഞിട്ടില്ല. എന്തായാലും മസാലാ ബോണ്ട് നിക്ഷേപത്തിൽ ഫെമ ലംഘനമില്ല. എല്ലാ നടപടികളും ആർബിഐയുടേതാണ്. ആർബിഐ ചട്ടങ്ങൾ പാലിച്ചു തന്നെയാണ് എല്ലാ നടപടികളും കൈക്കൊണ്ടത്. അതുപ്രകാരം, മസാലാ ബോണ്ട് സ്വീകരിക്കാനും അതിന് അഡ്വൈസർ ബാങ്കായി ആക്സിസ് ബാങ്കിനെ നിശ്ചയിച്ചതും കിഫ്ബി ഡയറക്ടർ ബോർഡാണ്. കിഫ്ബിയ്ക്കു വേണ്ടി റിസർവ് ബാങ്കിന്റെ വിദേശവിനിമയ വിഭാഗത്തിന് ഇതുസംബന്ധിച്ച അപേക്ഷ നൽകിയത് ആക്സിസ് ബാങ്കാണ്. ഫെമ നിബന്ധനകൾ പ്രകാരമുള്ള നിരാക്ഷേപസാക്ഷ്യപത്രം (എൻഒസി) ആക്സിസ് ബാങ്കിനു നൽകിയതും റിസർവ് ബാങ്കാണ്. ഇതിലെവിടെയാണ് നിയമലംഘനമെന്ന് ഐസക് ഇഡിയോട് ചോദിക്കുന്നു.
വിഷയപ്രസക്തമല്ലാത്ത അന്വേഷണത്തിനാണ് ഇഡി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സുപ്രിംകോടതി വിലക്കിയിട്ടുള്ള രീതിയാണത്. ഒരു കുറ്റാരോപണത്തിനു മീതെ മാത്രമേ അന്വേഷണം നടത്താവൂ. നിയമസഭ പാസാക്കിയ നിയമത്താൽ സ്ഥാപിതമായതും നിയമപ്രകാരം പ്രവർത്തിക്കുന്നതുമായ ഒരു സ്ഥാപനത്തിൽ കാടും പടലും തല്ലി അന്വേഷിക്കാനിറങ്ങുന്നത് ഭരണഘടനാവിരുദ്ധമാണ്. 2021 മാർച്ച് മുതൽ ഒന്നരക്കൊല്ലത്തോളമായി കിഫ്ബി സിഇഒ, ഡെപ്യൂട്ടി മാനേജർ, ജോയിന്റ് ഫണ്ട് മാനേജർ തുടങ്ങിയവരെയൊക്കെ അന്വേഷണമെന്നും പറഞ്ഞ് നിരന്തരമായി ഇഡി വിളിച്ചു വരുത്തുകയാണ്. ഇതെല്ലാം നിയമവിരുദ്ധമാണ്. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ സമൺസ് പിൻവലിക്കേണ്ടതാണ്.
സമൺസ് ആദ്യം മാധ്യമങ്ങൾക്ക് ചോർത്തിയത് ഖേദകരം
താൻ കൈപ്പറ്റുന്നതിനു മുമ്പ് സമൺസ് മാധ്യമങ്ങൾക്ക് ചോർത്തിയതിന് കടുത്ത ഭാഷയിലുള്ള വിമർശനമാണ് കത്തിലുള്ളത്. തനിക്ക് ലഭിക്കുംമുമ്പേ ഇഡിയുടെ സമൺസ് മാധ്യമങ്ങൾക്ക് ലഭിച്ചത് ഖേദകരമാണെന്ന് ഐസക് തുറന്നടിക്കുന്നു.
രണ്ടു സമൺസുകളെക്കുറിച്ചും മാധ്യമങ്ങൾ വഴിയാണ് താനറിഞ്ഞത്. ഇത്തരം ഉപജാപങ്ങളുടെ ഉറവിടമേതെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് ഊഹിക്കാവുന്നതേയുള്ളൂ. മുൻവിധിയുള്ള മനസുകളുടെയും ഉദ്ദേശശുദ്ധിയില്ലായ്മയുടെയും പ്രകടലക്ഷണമാണ് സമൺസ് തനിക്കു കിട്ടുന്നതിനു മുമ്പ്, സംഘടിപ്പിക്കപ്പെട്ട ഈ പ്രചാരവേല.
കറ പുരളാത്ത തന്റെ പൊതുജീവിതത്തിന്റെ സംശുദ്ധി തകർക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിൽ എന്ന് ന്യായമായും സംശയിക്കാമെന്നും ഐസക് വിമർശിക്കുന്നു. കേന്ദ്രസർക്കാരിന്റെ നയങ്ങളെ നിരന്തരം നിശിതമായി വിമർശിക്കുന്ന ഒരു രാഷ്ട്രീയപ്രവർത്തകനെന്ന നിലയിൽ ഈ അന്വേഷണ പ്രക്രിയയും തുടർഫലങ്ങളും സ്വതന്ത്രവും നീതിപൂർവവുമായിരിക്കില്ലെന്ന് ന്യായമായും സംശയിക്കാവുന്നതാണെന്ന കടുത്ത പരാമർശവും കത്തിലുണ്ട്.
ആവശ്യപ്പെട്ട സ്വത്തുരേഖകൾ പൊതുമണ്ഡലത്തിൽ ലഭ്യമായത്
മറ്റു മാർഗങ്ങൾ ഉപയോഗിച്ച് ശേഖരിക്കാവുന്ന രേഖകളാണ് ഇഡി തന്നോടു ചോദിച്ചത്. സ്വത്തു വിവരങ്ങൾ 2001ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കാലം മുതൽ തെരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിക്കുന്ന സത്യവാങ്മൂലങ്ങളിലുണ്ട്. അതെല്ലാം പൊതുമണ്ഡലത്തിൽ ലഭ്യവുമാണ്. ആ രേഖകൾക്കുവേണ്ടി തന്നെ വിളിച്ചുവരുത്തേണ്ട കാര്യമില്ല. അടുത്ത ബന്ധുക്കളൊന്നും തന്നെ ആശ്രയിച്ചു കഴിയുന്നവരല്ല, അതിനാൽ അവരുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും തന്റെ കൈയിൽ ഇല്ല. ഹാജരാകുമ്പോൾ കൊണ്ടുവരണമെന്ന് ഇഡി ആവശ്യപ്പെട്ട രേഖകളെ സംബന്ധിച്ചുള്ള നിലപാടും ഐസക് വ്യക്തമാക്കി.
പൊട്ടിയത് പോരാട്ടത്തിന്റെ വെടി
ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെ വരുതിയ്ക്കു നിർത്താൻ ബിജെപിയുടെ ബ്രഹ്മാസ്ത്രമായ ഇഡിയ്ക്കെതിരെ നേർക്കുനേരെയുള്ള പോരാട്ടത്തിന്റെ വെടിയാണ് ഐസക് പൊട്ടിച്ചത്. കളി മതിയാക്കി കാര്യം പറയാൻ ഇഡിയോടെ നേരെ ചൊവ്വെ ആവശ്യപ്പെടുകയാണ് സിപിഎം. ഫെമ ലംഘനം ഉണ്ടെന്നോ ഇല്ലെന്നോ തെളിച്ചു പറയാനാവാത്ത കുടുക്കിൽ ഇഡിയെ പെടുത്തുകയാണ് ലക്ഷ്യം. ഫെമ ലംഘനം ഉണ്ടെന്നു പറഞ്ഞാൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരും നാഷണൽ ഹൈവേ അതോറിറ്റി, എൻപിടിസി തുടങ്ങിയ സ്ഥാപനങ്ങളും പ്രതിക്കൂട്ടിലാകും. ഇല്ലെന്നു പറഞ്ഞാൽ, പിന്നെന്തിനീ അഭ്യാസങ്ങൾ എന്ന ചോദ്യമുയരും.
ഏതായാലും ഇന്ത്യയാകെ ശ്രദ്ധിക്കുന്ന രാഷ്ട്രീയവും നിയമപരവുമായ പോരാട്ടത്തിനാണ് കേരളജനത സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.