ഉത്തര്‍പ്രദേശില്‍ പിറന്നാളാഘോഷ പരിപാടി നിര്‍ബന്ധിത മതം മാറ്റ ചടങ്ങാണെന്ന് ആരോപിച്ച് 6 ക്രിസ്ത്യന്‍ വനിതകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ അസംഗഡില്‍ ജൂലൈ 30നായിരുന്നു സംഭവം. വിശ്വ ഹിന്ദു പരിഷത്ത് ബ്ലോക്ക് പ്രസിഡന്റ് അശുതോഷ് സിംഗിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ഇന്ദ്ര കല, സുഭാഗി ദേവി, സാധന, സവിത, അനിത, സുനിത എന്നീ യുവതികളെയാണ് മഹാരാജ്ഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും നിര്‍ബന്ധിത മതം മാറ്റല്‍ നിരോധന നിയമപ്രകാരവുമുള്ള വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആറു പേരില്‍ ഇന്ദ്ര കലാ എന്ന സ്ത്രീയുടെ മകന്റെ പിറന്നാളാഘോഷം നടക്കവെയായിരുന്നു അറസ്റ്റ്. ഇവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. ആഗസ്റ്റ് 16ന് കേസ് വീണ്ടും പരിഗണിക്കും. നിര്‍ബന്ധിത മതം മാറ്റം ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ നല്കിയ പരാതികളില്‍ 2021ല്‍ മാത്രം 300ലേറെ കേസുകളാണ് ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ യുപിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
