ഫണ്ട് തട്ടിപ്പിൽ ബിജെപിക്കുള്ളിൽ വീണ്ടും പൊട്ടിത്തെറി. കൊടകര കുഴൽപ്പണ കേസിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ വരവു ചെലവു കണക്കുകൾ ബിജെപി സംസ്ഥാന കമ്മറ്റി പൂഴ്ത്തിവെച്ചെന്നാണ് പുതിയ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിലെ വരവുചെലവ് കണക്കുകൾ കോർകമ്മിറ്റിയിൽ മാത്രം അവതരിപ്പിച്ചാൽ മതിയെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തീരുമാനമെടുത്തു.
അതിന്റെ അടിസ്ഥാനത്തിൽ 14 ജില്ലകളിലും കോർക്കമ്മറ്റിയിൽ മാത്രമാണ് കണക്കുകൾ അവതരിപ്പിച്ചത്. ജില്ലാ പ്രസിഡന്റ്, രണ്ട് ജനറൽ സെക്രട്ടറിമാർ, സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് കോർ കമ്മിറ്റിയിലുള്ളത്. എന്നാൽ മേൽകമ്മിറ്റിയിൽ നിന്ന് ലഭിച്ചതും പിരിച്ചതുമായ തുകയും വിനിയോഗിച്ച കണക്കുകളും കോർ കമ്മിറ്റിയിലും ജില്ല ഭാരവാഹികളുടെ യോഗത്തിലും വേണ്ടി വന്നാൽ ജില്ലാ കമ്മിറ്റിയിലും അവതരിപ്പിച്ച് അംഗീകാരം നേടണമെന്നതാണ് ബിജെപിയിലെ കീഴ്വഴക്കം.
ജില്ലാ കമ്മറ്റി യോഗത്തിൽ കണക്ക് അവതരിപ്പിച്ചാൽ വിവരങ്ങൾ പുറത്തറിയുമെന്ന ഭയം സുരേന്ദ്രനുണ്ടായിരുന്നു എന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആരോപണം. വിവരങ്ങൾ പുറത്തറിഞ്ഞാൽ കൊടകര കുഴൽപ്പണ കേസിൽ സുരേന്ദ്രൻ വെട്ടിലാകുമെന്നും ഇവർ ആരോപിച്ചു. കാസർകോട് ബിജെപിയിലാണ് സുരേന്ദ്രനെതിരെ ഏറ്റവും കൂടുതൽ വിമർശനങ്ങളുയരുന്നത്.