സ്ത്രീകൾ പരസ്യങ്ങളിൽ അഭിനയിക്കേണ്ട എന്ന നിലപാടുമായി ഇറാൻ ഭരണ കൂടം. ഐസ്ക്രീം പരസ്യത്തിൽ ഐസ്ക്രീം കഴിക്കുന്നതിനിടെ ഒരു സ്ത്രീയുടെ ശിരോവസ്ത്രം അൽപം മാറിപ്പോയതാണ് ഇറാൻ ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തിന് കാരണം. സ്ത്രീകളുടെ മൂല്യങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണ് പരസ്യം. പൊതുയിടത്തിൽ പാലിക്കേണ്ട യാതൊരു മര്യാദയും പരസ്യത്തിനില്ല. അതുകൊണ്ടു തന്നെ ഇനി പരസ്യ ചിത്രങ്ങളിൽ സ്ത്രീകൾ അഭിനയിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായി ഇറാൻ സാംസ്കാരിക മന്ത്രാലയം പ്രതികരിച്ചു.
ഹിജാബിന്റെ പവിത്രതയെ ബാധിക്കുന്ന കാര്യങ്ങൾ അനുവദിക്കില്ലെന്നും ഇറാൻ ഭരണകൂടം പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. എന്നാൽ വസ്ത്ര സ്വാതത്ര്യത്തിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമായാണ് പുതിയ തീരുമാനത്തെ ജനങ്ങൾ വിലയിരുത്തുന്നത്. ഇറാനിൽ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്നത് വർഷങ്ങളായി തുടരുന്ന നിബന്ധനയാണ്. ഇതിനെതിരെ പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇറാൻ ഭരണകൂടത്തിന്റെ പുതിയ നടപടി.