നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത ക്യാമ്പയിനിനെതിരെ പരാതിയുമായി മലയാളി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എല്ലാ ഇന്ത്യക്കാരും സമൂഹ മാധ്യമങ്ങളിൽ ഇന്ത്യൻ പതാക പ്രൊഫൈൽ ചിത്രമാക്കണമെന്ന പ്രധാനമന്ത്രിയുടെ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
തൃശൂർ സ്വദേശി ജയകൃഷ്ണനാണ് മോഡിക്കെതിരെ കേരള ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകിയത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഏതെങ്കിലും ക്യാമ്പയിനിന്റെ ഭാഗമായി സാമൂഹ മാധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കുന്നത് ഇന്ത്യൻ ഫ്ലാഗ് കോഡിന് എതിരാണെന്നാണ് പരാതിയിൽ പറയുന്നു.
ഇന്ത്യൻ ദേശീയ പതാക ദീർഘ ചതുരത്തിലുള്ള മൂന്ന് നിറങ്ങൾ ചേർന്നതാണെന്ന് ഭേദഗതി വരുത്തിയ ഫ്ലാഗ് കോഡിൽ പറയുന്നുണ്ട്. എന്നാൽ ദേശീയ പതാക സമൂഹ മാധ്യമങ്ങളിൽ വൃത്താകൃതിയിൽ പ്രദർശിപ്പിക്കുന്നത് പതാക കോഡിന് എതിരാണെന്നും ജയകൃഷ്ണൻ വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് മാതൃകയാവേണ്ട ഭരണാധികാരികൾ ദേശീയപതാകയെ അപമാനിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങളാണ് നൽകുന്നത്. ദേശീയ പതാകയെ അപമാനിച്ചതിന് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ജയകൃഷ്ണൻ നൽകിയ പരാതിയിലുണ്ട്.