റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഇടുക്കി അണക്കെട്ട് തുറന്നു. സംഭരണ ശേഷിയിലും അധികം ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് അണക്കെട്ട് തുറന്നത്. നിലവിലെ അപ്പർ റൂൾ കർവ് 2383.53 ആണ്. ആദ്യഘട്ടത്തിൽ 50 ക്യുമെക്സ് വെള്ളമാണ് ഡാമിൽ നിന്നും പുറത്തേക്കൊഴുക്കുക. അഞ്ച് ഷട്ടറുകളിൽ ഒന്ന് മാത്രമാണ് തുറന്നത്. ജലനിരപ്പ് കൂടി പരിഗണിച്ച് ആവശ്യമെങ്കിള്‍ മാത്രം കൂടുതല്‍ വെള്ളം തുറന്നുവിടും.
പെരിയാർ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ല ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇടുക്കി അണക്കെട്ടിൽ നിന്നും വളരെ കുറഞ്ഞ അളവിലാണ് ഇന്ന് ജലമൊഴുക്കി വിടുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. എങ്കിലും മുൻകരുതലായി അണക്കെട്ടിന്റെ പരിസര പ്രദേശത്തുള്ള 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ഇടുക്കി ഡാം തുറക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് മുൻകരുതലുകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.