സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിന് മുസഫർ അഹമ്മദ് മെമ്മൊറിയൽ അവാർഡ്. അമർത്യ സെൻ വിദേശത്തായതിനാൽ അദ്ദേഹത്തിന് വേണ്ടി പുരസ്ക്കാരം ഏറ്റുവാങ്ങിയത് പ്രതിത ട്രസ്റ്റ് ഡയറക്ടർ ഡോ. മാനവി മംജുദാറാണ്. സാധാരണക്കാർക്കും കർഷകർക്കും പാവപ്പെട്ടവർക്കുംവേണ്ടി ജീവിതം സമർപ്പിച്ച നേതാവിന്റെ പേരിൽ പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് അവാർഡ് സ്വീകരണ സന്ദേശത്തിൽ അമർത്യ സെൻ പറഞ്ഞു. കൗശിക് ചാറ്റർജി, നെഹാൽ അഹമ്മദ്, ശംബാ സെൻ എന്നിവരും അവാർഡിന് അർഹരായി.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവാണ് മുസഫർ അഹമ്മദ്. മുസഫർ അഹമ്മദിന്റെ 134-ാം ജന്മദിനത്തോടനുബന്ധിച്ച് മഹജതി സദനിലാണ് അവാർഡ് വിതരണം നടന്നത്. ഇടതു മുന്നണിയുടെ വെസ്റ്റ് ബംഗാൾ കൺവീനറും മുതിർന്ന സിപിഐഎം നേതാവുമായ ബിമൻ ബസു അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സൂര്യകാന്ത് മിശ്ര, രാമചന്ദ്ര ഡോം എന്നിവർ സംസാരിച്ചു.