കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും എൻഫോയ്സ്മെന്റ് ഡയറട്രേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസം ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ഓഫീസ് എൻഫോയ്സ്മെന്റ് റെയ്ഡ് ചെയ്യുകയും യങ് ഇന്ത്യ ഓഫീസ് അടച്ചു പൂട്ടുകയും ചെയ്തിരുന്നു. റെയ്ഡിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ഇവരെ ചോദ്യം ചെയ്യാൻ എൻഫോയ്സ്മെന്റ് ഉദ്ദേശിക്കുന്നത്.
കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോടെക്സ് മെർച്ചൻഡൈസ് എന്ന കമ്പനിയിൽ നിന്ന് ഒരു കോടി രൂപ യങ് ഇന്ത്യയ്ക്ക് ലഭിച്ചതിന്റെ രേഖകൾ നേരത്തെ എൻഫോയ്സ്മെന്റിന് ലഭിച്ചിരുന്നു. നാഷണൽ ഹെറാൾഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നൽകിയ ഹർജി 2016 ൽ സുപ്രീം കോടതി തള്ളി. ഇതിന് ശേഷവും ഷെൽ കമ്പനികളിൽ നിന്ന് യങ് ഇന്ത്യ, അസോസിയേറ്റഡ് ജേർണൽസ് എന്നിവയിലേക്ക് പണം എത്തിയതിന്റെ രേഖകൾ ലഭിച്ചെന്നും എൻഫോയ്സ്മെന്റ് പറയുന്നു.