സംസ്ഥാനത്തെ ദേശീയപാതയിലെ കുഴികൾ നികത്താൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരൻ മുൻകൈ എടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയപാതകളുടെ പരിപാലനവും നവീകരണവും ദേശീയപാതാ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്. അതിൽ പൊതുമരാമത്ത് വകുപ്പ് ഇടപെട്ടാൽ ഭരണഘടനാലംഘനമായി മാറുമെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരാണ് ഇടപെടേണ്ടതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ദേശീയപാതാ പരിപാലനത്തിന് ചുമതലപ്പെട്ട കരാറുകാർക്കെതിരെ എന്തുകൊണ്ടാണ് എൻ.എച്ച്.എ.ഐ (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) നടപടിയെടുക്കാത്തത്. കരാറുകാരുടെ പേരുവിവരങ്ങൾ എന്തുകൊണ്ട് പരസ്യപ്പെടുത്തുന്നില്ല. ഇക്കാര്യത്തിൽ മുഖം നോക്കാതെയുള്ള നടപടി അനിവാര്യമാണ്. എന്തിനാണ് കരാറുകാരെ ഭയക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ നടപ്പാക്കിയതുപോലെ ദേശീയപാതകളുടെ പരിപാലനത്തിന് ചുമതലപ്പെട്ട കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും പേരുകൾ പരസ്യപ്പെടുത്താൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാകണം. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരൻ ഇതിനാണ് മുൻകൈ എടുക്കേണ്ടതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
നേരത്തെ തൃപ്പൂണിത്തുറയിൽ അപകടം ഉണ്ടായപ്പോൾ കരാറുകാരനെതിരെ കേസ് എടുത്തിരുന്നു. അതേ മാതൃകയിൽ ഇവിടെയും ദേശീയപാതാ അതോറിറ്റിയുടെ കരാറുകാരനെതിരെ കേസെടുക്കാൻ കളക്ടറോട് ആവശ്യപ്പെടണം. ദേശീയപാതാ അതോറിറ്റി യോഗം വിളിച്ച് ഇക്കാര്യം ചർച്ച ചെയ്യാൻ തയ്യാറാവണം. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ താൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ തയ്യാറായില്ല. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിഷേധകാത്മക മനോഭാവമാണ്. അതാണ് കരാറുകാരുടെ ഹുങ്കിനും കാരണം. നെടുമ്പാശ്ശേരിയിൽ അപകടമുണ്ടായ സ്ഥലത്തെ കുഴികൾ അടയ്ക്കണമെന്ന് ഇന്നലെ രാത്രിയും ആവശ്യപ്പെട്ടിരുന്നതാണെന്നും മന്ത്രി തുറന്നടിച്ചു.