നിലമ്പൂർ: എടക്കര കവളപ്പാറയിലെ ആദിവാസികളോട് കോൺഗ്രസ് നേതാവിന്റെ വഞ്ചന. മുൻ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ പി പി സുഗതൻ പ്രസിഡന്റായ സൊസൈറ്റിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കവളപ്പാറ ഉരുൾപൊട്ടലിൽ ഭൂമി നഷ്ടമായ ആദിവാസികൾക്കുള്ള വീട് നിർമ്മാണം സ്വയം ഏറ്റെടുത്ത് തുക കൈപ്പറ്റിയശേഷം പ്രവൃത്തി വൈകിപ്പിച്ചെന്നാണ് പരാതി.
കവളപ്പാറ പുനരധിവാസ പാക്കേജിൽ ആദിവാസി വിഭാഗത്തിലെ 32 കുടുംബത്തിന് ഭൂമിക്കും വീടിനുമായി പന്ത്രണ്ട് ലക്ഷംവീതം സംസ്ഥാന സർക്കാർ അനുവദിച്ചു. ഓരോ കുടുംബത്തിനും ഭൂമി വാങ്ങാൻ ആറ് ലക്ഷവും വീട് പണിയാൻ ആറ് ലക്ഷവുമാണ് സർക്കാർ അനുവദിച്ചത്.
എന്നാൽ സ്ഥലം വാങ്ങാൻ ഇടനിലക്കാരനായി നിന്ന കോൺഗ്രസ് നേതാവ് ആറ് ലക്ഷം രൂപയ്ക്ക് വിലകുറഞ്ഞ ഭൂമിയാണ് ആദിവാസികൾക്ക് നൽകിയതെന്നും ഭീമമായ തുക ഇയാൾ കമ്മീഷൻ പറ്റിയെന്നും പരാതിയുണ്ട്. സ്ഥലം വാങ്ങിയെങ്കിലും ഇതുവരെ നിർമ്മിച്ചത് പതിനൊന്ന് വീടുകൾ മാത്രമാണ്. 32 വീടുകളും ഉടനടി പണിതീർത്ത് ഗുണഭോക്താക്കൾക്ക് കൈമാറണമെന്ന് കളക്ടർ കർശന നിർദേശം നൽകിയിട്ട് ഒരുവർഷമായിട്ടും ബാക്കിയുള്ള വീടുകൾ ഇപ്പോഴും പണിതീർന്നിട്ടില്ല.
വീട് നിർമ്മിക്കാനുള്ള പണം സൊസൈറ്റിയിൽ ഇൻവെസ്റ്റ്മെന്റായി തടഞ്ഞുവെക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇനിയും വീട് നിർമിക്കാത്ത കുടുംബങ്ങളുടെ പണം സൊസൈറ്റിയിൽനിന്ന് തിരിച്ചുപിടിക്കണമെന്നും സൊസൈറ്റിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. 2019 ഓഗസ്റ്റ് എട്ടിനാണുണ്ടായ കവളപ്പാറ ദുരന്തത്തിൽ 59 പേർ മരണപ്പെടുകയും നാല്പത്തിയഞ്ചോളം വീടുകൾ മണ്ണിനടിയിലാവുകയും ചെയ്തിരുന്നു.