രാജ്യത്തെ 25 പ്രമുഖ ധനികർ വിവിധ ബാങ്കുകളിയി മനഃപൂർവ്വം കുടിശിക വരുത്തിയത് 58,958 കോടി രൂപയാണ്. മനഃപൂർവം വായ്പ തിരിച്ചടയ്ക്കാത്തവരുടെ ‘വിൽഫുൾ ഡിഫോൾട്ടർ’ പട്ടികയിൽ ഒന്നാമതുള്ളത് മെഹുൽ ചോസ്കിയുടെ ഗീതാജ്ഞലി ജെംസ് ലിമിറ്റഡാണ്. 58,958 കോടി രൂപയിൽ 7,110 കോടിയാണ് ഗീതാജ്ഞലി ജെംസ് ലിമിറ്റഡ് തിരിച്ചടക്കാനുള്ളത്. ഇറ ഇൻഫ്രാ എൻജിനീയറിങ്, കോൺകാസ്റ്റ് സ്റ്റീൽ & പവർ ലിമിറ്റഡ് എന്നീ കമ്പനികളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 5,879 കോടിയുടെ കുടിശ്ശികയാണ് ഇറ ഇൻഫ്രാ എൻജിനീയറിങ് നൽകാനുള്ളത്. കോൺകാസ്റ്റ് സ്റ്റീൽ & പവർ ലിമിറ്റഡ് നൽകാനുള്ളത് 4,107 കോടിയുമാണ്.
ആർഇഐ അഗ്രോ- 3,984 കോടി, എബിജി ഷിപ്യാർഡ്- 3,708 കോടി, ഫ്രോസ്റ്റ് ഇന്റർനാഷണൽ- 3,108 കോടി, വിൻസം ഡയമണ്ട്സ് & ജ്വല്ലറി- 2,671 കോടി, റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്- 2,481 കോടി, കോസ്റ്റൽ പ്രോജക്ട്സ്- 2,311 കോടി, കുഡോസ് കെമി ലിമിറ്റഡ്- 2,082 കോടി,
സൂം ഡെവലപ്പേർസ് പ്രൈവറ്റ് ലിമിറ്റഡ്- 1,818 കോടി, ബെസ്റ്റ് ഫൂഡ്സ് ലിമിറ്റഡ്- 1,653 കോടി, ഫോറെവർ പ്രഷ്യസ് ജ്വല്ലറി & ഡയമണ്ട്സ്- 1,639 കോടി, ഡെക്കാൻ ക്രോണിക്കിൾ ഹോൾഡിംഗ്സ്- 1,594 കോടി, സിദ്ധി വിനായക് ലോജിസ്റ്റിക്- 1,560 കോടി, എസ്വിഒജിഎൽ ഓയിൽ ഗ്യാസ് & എനർജി- 1,486 കോടി, സൂര്യ വിനായക് ഇൻഡസ്ട്രീസ്- 1,481 കോടി, ഗിലി ഇന്ത്യ ലിമിറ്റഡ്- 1,447 കോടി, ഇഎംസി ലിമിറ്റഡ്- 1,342 കോടി, രോഹിത് ഫെറോ-ടെക് ലിമിറ്റഡ്- 1,333 കോടി, ഹാനുങ് ടോയ്സ് & ടെക്സ്റ്റൈൽസ്- 1,306 കോടി, അമിറ പ്യൂവർ ഫൂഡ്സ്- 1,293 കോടി, യൂണിറ്റി ഇൻഫ്രാ പ്രോജക്ട്സ്- 1,230 കോടി, എസ് കുമാർസ് നേഷൻവൈഡ്- 1,117 കോടി, സ്റ്റെർലിങ് ബയോടെക്- 1,158 കോടിയും മനപ്പൂർവ്വം കുടിശ്ശിക വരുത്തി.
കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരടാണ് ഈ വിവരം പാർലമെന്റിൽ പങ്കുവെച്ചത്. കോടിക്കണക്കിന് രൂപ രാജ്യത്തെ അതിസമ്പന്നർ മനഃപൂർവ്വം കുടിശ്ശിക വരുത്തുമ്പോഴും രാജ്യത്തെ വാണിജ്യ ബാങ്കുകൾ എഴുതിത്തള്ളിയത് ലക്ഷം കോടിയാണ്. ഇത്തരത്തിൽ കഴിഞ്ഞ 5 സാമ്പത്തിക വർഷങ്ങളിലായി ആകെ 9.91 ലക്ഷം കോടി രൂപ എഴുതി തള്ളിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാട് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ, കഴിഞ്ഞ സാമ്പത്തിക വർഷം കിട്ടാക്കടമായി എഴുതിത്തള്ളിയത് 19,666 കോടിയാണ്. എന്നാൽ ഇത് 2020-21 സാമ്പത്തിക വർഷത്തിൽ 34,402 കോടിയായിരുന്നു. രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും പാരമ്യത്തിലെത്തി നിൽക്കുമ്പോഴാണ് അതിസമ്പന്നർ കുടിശ്ശിക വരുത്തുന്നതും ബാങ്കുകൾ അവരുടെ കടം എഴുതി തള്ളുന്നതും.