കേരളത്തിൽ തീവ്ര ഹിന്ദുത്വം അജണ്ടയാക്കി പ്രവർത്തിക്കാൻ തീരുമാനിച്ച് കേരള സംസ്ഥാന ബിജെപി ഘടകം. ഇന്ത്യയിലാകമാനം തീവ്ര ഹിന്ദുത്വ സമീപനവുമായി ബിജെപി മുന്നോട്ടു പോകുമ്പോൾ കേരളത്തില്‍ മാത്രമായി ആ സമീപനത്തിൽനിന്ന് ഇനിയും വ്യതിചലിക്കാൻ സാധിക്കില്ലെന്ന നിലപാട് സ്വീകരിച്ചിത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. ശനിയാഴ്ച ചേരുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും.
പാലക്കാട് നടന്ന സംസ്ഥാന ശിബിരത്തില്‍ ബിജെപിയിലെ ഹിന്ദുത്വത്തിന്റെ അളവ് വർധിപ്പിക്കണമെന്ന് ചർച്ച ഉയർന്നിരുന്നു. നിലവിൽ കേരളത്തില്‍ 10 ശതമാനത്തോളമാണ് ബിജെപി വോട്ടെന്നും ബാക്കിയുള്ളവരെക്കൂടി ഒപ്പം കൂട്ടണമെങ്കില്‍ നയവ്യതിയാനം വേണമെന്നുമാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്.
കഴിഞ്ഞ 5 വർഷമായി നടന്ന തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും കാര്യമായ തിരിച്ചടി നേരിടേണ്ടി വന്നതോടെയാണ് തീവ്ര ഹിന്ദുത്വ നയമെന്ന നിലപാട് സംസ്ഥാന ഘടകം സ്വീകരിച്ചത്. എന്നാൽ ഹിന്ദുത്വം പറഞ്ഞ് പ്രവര്‍ത്തനം നടത്തേണ്ടതും സജീവമാക്കേണ്ടതും വിഎച്ച്പിയും ഹിന്ദു ഐക്യവേദിയുമാണെന്ന് ശിബിരത്തിൽ ചില പ്രതിനിധികള്‍ നിര്‍ദേശിച്ചെങ്കിലും ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് അതിനെ തള്ളി.