അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ ചൈന നിയന്ത്രണമേർപ്പെടുത്തി. സൈനിക ആയുധ കാര്യങ്ങൾ, അഭയാർത്ഥി പ്രശ്നം, അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ, കാലാവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങളിലാണ് അമേരിക്കയുമായുള്ള അന്താരാഷ്ട്ര ഉഭയകക്ഷി ചർച്ചകളിൽ നിന്ന് ചൈന പിന്മാറിയത്. അമേരിക്കൻ കോൺഗ്രസ് സ്പീക്കർ നാൻസി പലോസി ചൈനയുടെ എതിർപ്പ് അവഗണിച്ച് തായ്വാൻ സന്ദർശിച്ചതിൽ പ്രതിഷേധിച്ചാണ് ചൈന ഉപയകക്ഷി ചർച്ചകളിൽനിന്ന് പിന്മാറിയത്.
അമേരിക്കൻ കോൺഗ്രസ് സ്പീക്കർ നാൻസി പലോസിക്കും കുടുംബത്തിനുംമേൽ കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയ ചൈന തായ്വാന് സമീപം നടത്തിവരുന്ന സൈനിക അഭ്യാസം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. അതിർത്തിയിൽ ചൈനയുടെ ഹെലികോപ്റ്ററുകളും യുദ്ധ വാഹിനി കപ്പലുകളും സ്ഥിതിചെയ്യുന്നതായി തായ്വാൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചൈനയിലെ അമേരിക്കൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ചൈനയും, അമേരിക്കയിലെ ചൈനീസ് സ്ഥാനപതിയെ വിളിച്ചു വരുത്തി അമേരിക്കയും പ്രതിഷേധമറിയിച്ചിരുന്നു.