സംസ്ഥാനത്തെ ജലസ്രോതസുകളിൽ ജല നിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട് നിലവിലുണ്ട്. പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട് നിലനിൽക്കുന്നത്. അതേസമയം മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതായി ഇന്നലെ തമിഴ്നാട് കേരളത്തിന് ആദ്യ അറിയിപ്പ് നൽകിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയ സാഹചര്യത്തിൽ അണക്കെട്ട് ഇന്ന് തുറക്കുകയും ചെയ്യും.
ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒറ്റപ്പെട്ട മഴ കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.