മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പിണറായിയുടെ കത്ത്. നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ട് പോകണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. ഇത് സംബന്ധിക്കുന്ന വിഷയങ്ങളിലെ തീരുമാനങ്ങൾ 24 മണിക്കൂറിനു മുൻപുതന്നെ കേരളത്തെ അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം കൃത്യമായ മുന്നറിയിപ്പുകൾ നൽകാതെ രാത്രി സമയത്ത് തമിഴ്നാട് മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുഴയിലെ നീരൊഴുക്ക് വർധിച്ച് പല വീടുകളിലും വെള്ളം കയറിയ സാഹചര്യവും ഉണ്ടായി. ഇതേ തുടർന്നാണ് 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ നടപടികൾ അറിയിക്കണമെന്ന് കേരളം അഭ്യർത്ഥിച്ചത്. അതേ സമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ ഇന്ന് രാവിലെ 11.30 തിന് തുറക്കും. മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശിച്ചു. മഴ ശക്തമായതിനാൽ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.