പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ. പാർലമെന്റ് മന്ദിരത്തിൽ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട് 5 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഈ മാസം 10ന് അവസാനിക്കും. പുതിയ ഉപരാഷ്ട്രപതി 11ന് അധികാരമേൽക്കും. ഭരണകക്ഷി മുന്നോട്ടുവയ്ക്കുന്ന സ്ഥാനാർഥി ജഗ്ദീപ് ധൻകറും പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് അൽവയുമാണ്.
നിലവിലെ കണക്കനുസരിച്ച് 20 പാർട്ടികൾ ധൻകറേയും 18 പാർട്ടികൾ മാർഗരറ്റ് അൽവയെയും പിന്തുണയ്ക്കും. പാർലമെന്റ് അംഗങ്ങൾക്ക് മാത്രമാണ് വോട്ടവകാശം. വിജയിക്കാൻ 395 ലേറെ വോട്ടുകൾ നേടണം. ജഗ്ദീപ് ധൻകറിന് 500 ലേറെ വോട്ടും മാർഗരറ്റ് അൽവക്ക് 200 ഓളം വോട്ടുകളും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.