കനത്ത മഴയിൽ കാടിനുള്ളിൽ ഒറ്റപ്പെട്ടുപോയ 3 ഗർഭിണികൾക്ക് സാഹായമെത്തിച്ച് ആരോഗ്യ വകുപ്പ്. 2 ഗർഭിണികളെയും ഒരു നവജാതശിശുവിനെയും അമ്മയേയുമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. ശക്തമായ മഴ വകവെയ്ക്കാതെ പെരിങ്ങൽക്കുത്ത് റിസർവോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് പ്രസവ ശുശ്രൂഷ നൽകിയത്. അമ്മയ്ക്ക് ഉയർന്ന ബിപി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് മാറാൻ തയ്യാറായിരുന്നില്ല. പിന്നീട് ഡിഎംഒയും ഡിഎസ്ഒയും സംഘവും കോളനിയിൽ നേരിട്ട് ചെന്ന് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു.
ഇവരിപ്പോൾ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സുരക്ഷിതരാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 5 മാസവും 6 മാസവുമായ രണ്ട് ഗർഭിണികളുടെ സുരക്ഷിതത്വം കോളനിയിൽ തന്നെ ഉറപ്പാക്കിയതായും മന്ത്രി അറിയിച്ചു. ഇത്രയധികം പ്രതികൂലസാഹചര്യങ്ങളിലും പതറാതെ ഇവരെ സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ച ആരോഗ്യ വകുപ്പ് സംഘത്തെ ആരോഗ്യ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.