ഗൂഗിൾ മാപ്പിനെ വിശ്വസിച്ചു അമളി പറ്റിയവരിൽ ഒരു കുടുംബം കൂടെ. ഇത്തവണ വഴി തെറ്റിപ്പോയ കാർ തോട്ടിലാണ് ചെന്ന് പതിച്ചത്. രാത്രി വൈകി എറണാകുളത്തുനിന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ആരംഭിച്ച കുടുംബമാണ് അപകടത്തിൽപ്പെട്ടത്. തിരുവാതുക്കല്‍-നാട്ടകം സിമിന്റുകവല ബൈപാസിലൂടെ പാറേച്ചാല്‍ ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് കാര്‍ നീങ്ങിയത്. ഈ ഭാഗത്ത് റോഡില്‍ ഉള്‍പ്പെടെ കുത്തൊഴുക്കായിരുന്നു. റോഡും തോടും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കാര്‍ തോട്ടില്ലേക്ക് വീണതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ബഹളം വച്ചും ഗ്ലാസിലിടിച്ചും ശബ്ദമുണ്ടാക്കി. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഓടിയെത്തി ഇവരെ രക്ഷപ്പെടുത്തിയത്.
കാര്‍ കയര്‍ കെട്ടി വലിക്കാൻ ശ്രമിച്ചപ്പോഴേക്കും വാഹനത്തിന്റെ മുൻഭാഗം ചെളിയിൽ പെട്ടു. ഇതോടെ കാര്‍ സമീപത്തെ പോസ്റ്റിൽ കെട്ടി. കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്തെത്തിച്ചു. തുടര്‍ന്ന് കാര്‍ വലിച്ച് റോഡിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും പൊലീസും അഗ്നിരക്ഷാ സേനയുമെത്തി. കാറിലുണ്ടായിരുന്നവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നൽകി. 6 മാസം പ്രായമുള്ള കുഞ്ഞും കാറിലുണ്ടായിരുന്നു. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരന് അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.