സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചാലക്കുടിപ്പുഴയിൽ വൈകിട്ടോടെ ജലനിരപ്പുയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മുന്നറിയിപ്പ് നിലവിലുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾക്കനുസരിച്ചു മാറി താമസിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. തൃശ്ശൂർ, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. 2018 ലെ പ്രളയകാലത്തെ പ്രളയബാധിത പ്രദേശങ്ങളിലുള്ളവർ മുഴുവൻ ക്യാംപുകളിലേക്ക് മാറണം.
പുഴകളുടെ തീരങ്ങളിലും ദുരന്ത സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും സാഹചര്യം കണക്കിലെടുത്ത് അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു മാറി താമസിക്കേണ്ടതാണ്. എല്ലാ ജില്ലകളിലും ക്യാമ്പുകൾ തുറക്കുകയും സൗകര്യങ്ങൾ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. പുഴയിലൂടെ ഒഴുകിവരുന്ന സാധനങ്ങൾ പിടിക്കുക, വെള്ളം കാണാൻ പോവുക, പുഴയിലിറങ്ങുക, നീന്തിക്കടക്കുക, പാലങ്ങളിൽ നിൽക്കുക, മീൻപിടിക്കുക, കുളിക്കുക തുടങ്ങിയവ ചെയ്യരുതെന്ന് റെവെന്യു മന്ത്രി കെ രാജൻ നിർദേശിച്ചു.