50 കോടിയോളം രൂപയുടെ മണിചെയിൻ മോഡൽ തട്ടിപ്പിൽ പാലക്കാട് സ്വദേശി പിടിയിൽ. ആർ വൺ എന്ന സ്ഥാപനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയാണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളും തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ആയിരക്കണക്കിന് ആളുകൾ തട്ടിപ്പിന് ഇരയായി എന്നാണ് പൊലീസിന് ലഭിച്ച വിവരം.
കൊണ്ടോട്ടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. പോലീസ് സൈബർ ഡോമിന്റെ പേരിൽ വ്യാജ ബ്രോഷറുകൾ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളിൽ സ്പോൺസേർഡ് ലേഖനങ്ങൾ പ്രസിദ്ധീകരിപ്പിച്ചുമാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങൾ വാങ്ങാൻ ഉപയോഗിച്ചു. ഒരു ഭാഗം ക്രിപ്റ്റോ കറന്‍സിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇനിയും പരാതികൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി.