പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയും വിമർശനവുമായി രാഹുൽ ഗാന്ധി. കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിന്റെ ആസ്ഥാനം ഇഡി റെയ്ഡ് ചെയ്തതിനെതിരെയാണ് രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെയും മറ്റ് പ്രതിപക്ഷ ശബ്ദങ്ങളെയും നിശബ്ദരാക്കാമെന്ന് ബിജെപി കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിൽ നരേന്ദ്ര മോദി സർക്കാർ തനിക്കും കുടുംബത്തിനുമെതിരെ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
നരേന്ദ്ര മോദി സർക്കാരിനെ തനിക്ക് പേടിയില്ലെന്നും ജനാധിപത്യം സംരക്ഷിക്കുക, രാജ്യത്ത് സൗഹാർദ്ദം നിലനിർത്തുക എന്നിവയാണ് തന്റെ കടമയെന്നും രാഹുൽ കൂട്ടിച്ചേർത്തു. നാഷണൽ ഹെറാൾഡിന്റെ ആസ്ഥാനം ഇ ഡി സീൽ ചെയ്തിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും വസതികൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് പ്രസ്തുത സ്ഥലങ്ങളിൽ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. എന്നാൽ ഈ കേസുകൾ രാഷ്ട്രീയ പകപോക്കലാണെന്നാണ് ഇരുവരുടെയും വാദം.