മൂവാറ്റുപുഴ നഗരസഭയില്‍ ബിജെപിക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കിയതിന് കോണ്‍ഗ്രസ് കൗണ്‍സിലറെ മറ്റ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചു. നഗരസഭാ കൗണ്‍സിലര്‍ പ്രമീള ഗിരീഷ് കുമാറിനാണ് പരുക്കേറ്റത്. മുഖത്ത് പരിക്കേറ്റ കൗണ്‍സിലര്‍ പ്രമീള ഗിരീഷ് കുമാറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ ,യുഡിഎഫ് പിന്തുണയോടെ ബിജെപിക്കാരിയായ ക്ഷേമകാര്യ സമിതി അധ്യക്ഷയ്ക്കെതിരെ പ്രമീള നല്കിയ അവിശ്വാസം കഴിഞ്ഞ ഒന്നിന് പാസായിരുന്നു. ഇതില്‍ പ്രകോപിതരായാണ് മറ്റ് കോണ്‍ഗ്രസ് അംഗങ്ങളാണ് അക്രമം നടത്തിയത്. വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജു, കൗണ്‍സിലര്‍മാരായ ജോയ്സ് മേരി, അജി അബ്ദുള്‍ ഖാദര്‍ മുണ്ടാട്ട് എന്നിവരാണ് മര്‍ദിച്ചത്. നഗരസഭ തൊഴിലുറപ്പ് ഓഫീസിന് സമീപത്ത് വച്ചായിരുന്നു മര്‍ദ്ദനം.
കരച്ചില് കേട്ട് നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും എത്തിയപ്പോള്‍ പ്രമീളയുടെ മുഖത്ത് മര്‍ദ്ദനമേറ്റ് മുറിഞ്ഞ് രക്തം വാര്‍ന്ന നിലയിലായിരുന്നു. ആളുകള്‍ കൂടിയപ്പോള്‍ ആക്രമണം നടത്തിയ മൂന്ന് കൗണ്‍സിലര്‍മാരും സ്ഥലത്ത് നിന്ന് മുങ്ങി. മറ്റ് കൗണ്‍സിലര്‍മാരാണ് പ്രമീളയെ ആശുപത്രിയിലാക്കിയത്. നഗരസഭ സെക്രട്ടറിയെ കാണാന്‍ എത്തിയതായിരുന്നു പ്രമീള. വരാന്തയിലൂടെ നടക്കുകയായിരുന്ന തന്നെ സഹപ്രവര്‍ത്തകര്‍ ഓഫീസിലേയ്ക്ക് ബലമായി പിടിച്ച് കയറ്റി വാതില്‍ പൂട്ടി മര്‍ദിച്ചുവെന്ന് പ്രമീള പറഞ്ഞു.