കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ശിവസേനാ നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് റാവത്ത് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ തുടരും . മുംബൈയിലെ പ്രത്യേക കോടതിയാണ് റാവത്തിനെ തിങ്കളാഴ്ച വരെ ഇ ഡി കസ്റ്റഡിയിൽ വിട്ടത്. പത്താം തീയതി വരെ റാവത്തിനെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ ഡി ആവശ്യപ്പെട്ടത്. എന്നാൽ എട്ടാം തീയതിവരെ മാത്രമേ കോടതി അനുമതി നൽകിയുള്ളൂ. അതേസമയം വായുസഞ്ചാരം പോലുമില്ലാത്ത റൂമിലാണ് തന്നെ പാർപ്പിച്ചതെന്ന് സഞ്ജയ് റാവത്ത് കോടതിയെ അറിയിച്ചു.
പ്രായമായ ഒരു മനുഷ്യനെ എങ്ങനെയാണ് ജനലും വെന്റിലേഷനുമില്ലാത്ത റൂമിൽ താമസിപ്പിച്ചതെന്ന് കോടതി ഇ.ഡിയോട് ആരാഞ്ഞു. എ.സി മുറി ആയതിനാലാണ് ജനലും വെന്റിലേഷനും ഇല്ലാത്തതെന്നായിരുന്നു ഇതിന് ഇ ഡിക്ക് വേണ്ടി ഹാജരായ പ്രോസിക്യൂട്ടറുടെ മറുപടി. എന്നാൽ തന്റെ ഇപ്പോഴത്തെ ആര്യോഗസ്ഥിതിയിൽ ജനലും വെന്റിലേഷനുമുള്ള മുറിയാണ് ആവശ്യമെന്ന് റാവത്ത് വ്യക്തമാക്കി. തുടർന്ന് ആവശ്യമായ സൗകര്യങ്ങൾ സജ്ജമാക്കാമെന്ന് ഇ ഡി ഉറപ്പ് നൽകി. ഞായറാഴ്ചയായിരുന്നു 1000 കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സഞ്ജയ് റാവത്തിനെ ഇ. ഡി അറസ്റ്റ് ചെയ്തത്.