തൃശ്ശൂർ: പൊരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് കൂടുതൽ ജലം തുറന്നുവിടേണ്ട സാഹചര്യമായതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുമെന്നും പുഴക്കരയിലുള്ളവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ജില്ലാ കളക്ടർ ഉത്തരവിട്ടു. തമിഴ്നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകളിൽ നിന്ന് ഇന്ന് രാവിലെ മുതൽ പൊരിങ്ങൽക്കുത്ത് ഡാമിലേക്ക് ജലം ഒഴുകിവരികയാണ്. നിലവിൽ 13000 ക്യുമെക്സ് വെള്ളമാണ് പറമ്പിക്കുളത്തു നിന്നും ഡാമിലേക്ക് എത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുക കൂടി ചെയ്തതൊടെ ജലനിരപ്പ് ഉയരുകയാണ്.
ഡാം കൂടുതൽ തുറക്കുന്നതോടെ ചാലക്കുടി പുഴയിൽ ഒന്നര മീറ്ററോളം വെള്ളം ഉയരാൻ സാധ്യതയുണ്ട്. അതോടൊപ്പം വേലിയേറ്റ സമയം ആവുന്ന പക്ഷം കടലിലേക്ക് വെള്ളം ഒഴുകിപ്പോവാതിരിക്കാനും സാധ്യതയുണ്ട്. ഇതുകണക്കിലെടുത്താണ് പുഴക്കരയിൽ താമസിക്കുന്നവരെ എത്രയും വേഗം വീടുകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയത്. വെള്ളം ഉയർന്ന് കഴിഞ്ഞാൽ ഒഴിപ്പിക്കൽ പ്രയാസകരമാവുന്ന സാഹചര്യമാണെന്നും എല്ലാവരും മാറിത്താമസിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.