ബീജിങ്: തായ്വാന് ചുറ്റും ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസവുമായി ചൈന. തായ്വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ തുടങ്ങിയ സൈനികാഭ്യാസത്തിൽ യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കം വൻ സന്നാഹങ്ങൾ ആണ് അണിചേരുന്നത്. അമേരിക്കയും ജി ഏഴ് രാജ്യങ്ങളും ചൈനയുടെ സൈനികാഭ്യാസത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. സൈനികാഭ്യാസം അഞ്ചു നാൾ തുടരുമെന്നാണ് അറിയിപ്പ്. ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസമെന്ന് ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.
21 സൈനിക വിമാനങ്ങൾ സൈനിക അഭ്യാസത്തിൽ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. തായ്വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ നടക്കുന്ന ഈ ചൈനീസ് പടയൊരുക്കം വ്യോമ ഗതാഗതത്തെയും ചരക്കുനീക്കത്തെയും ബാധിക്കും. സൈനികാഭ്യാസം നിരീക്ഷിക്കുന്നുവെന്നും അതിർത്തി കടന്നാൽ പ്രതിരോധിക്കുമെന്നുമാണ് തായ്വാന്റെ പ്രതികരണം. ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ യുദ്ധത്തിന് ഒരുങ്ങുകയാണ് എന്നായിരുന്നു തായ്വാൻ വിദേശകാര്യ വക്താവിന്റെ പ്രതികരണം. അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിൽ പ്രകോപിതരായ ചൈന സൈനിക അഭ്യാസം പ്രഖ്യാപിച്ചിരുന്നു, തങ്ങളുടെ മണ്ണിലേക്ക് അതിക്രമിച്ച് കടന്നാൽ മിണ്ടാതിരിക്കില്ലെന്ന് തായ്വാനും മുന്നറിയിപ്പ് നൽകിയതോടെ ഏഷ്യാ വൻകര മറ്റൊരു സംഘർഷത്തിന്റെ ഭീതിയിലാണ്.