പഠനത്തിനും ജോലിക്കുമായി കുടിയേറുന്ന ആളുകളുടെ എണ്ണം എടുത്താൽ ലോകത്ത് തന്നെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഒന്നാമതാണ് ഇന്ത്യ. പോയവരിൽ ഭൂരിഭാഗവും തിരിച്ച് ഇന്ത്യയിലേക്കു വരാൻ തയാറുമല്ല. ജനസംഖ്യ വളരെ കുറവുണ്ടായിരുന്ന പല വിദേശ രാജ്യങ്ങളിലും ഇപ്പോൾ വലിയ തോതിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്, അതിലേറെയും ഇന്ത്യക്കാരാണ്. യു എ ഇ പോലുള്ള രാജ്യങ്ങളിലേക്കാണ് 2020 വരെയുള്ള പ്രധാന കുടിയേറ്റം നടന്നത്. എന്നാൽ ഇപ്പോൾ യുകെ, കാനഡ, യുഎസ്, ഓസ്ട്രേലിയ, അയർലൻഡ്, തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാന കുടിയേറ്റം.
യുഎൻ മൈഗ്രന്റ്സ് സ്റ്റോക് ഡേറ്റാബേസ് സൂചിപ്പിക്കുന്നത് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വലിയ തോതിൽ വർധിച്ചുവെന്നാണ്. 1990ൽ ആരംഭിച്ച കുടിയേറ്റക്കണക്ക് 2020ൽ എത്തിയപ്പോൾ 1.80 കോടി ജനസംഖ്യയായി മാറി. 1990 മുതൽ 2020 വരെയുള്ള കണക്കെടുത്താൽ ഓരോ വർഷവും 3.4 ശതമാനം വർധനയാണ് വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തിലുണ്ടാകുന്നത്. വിദ്യാസമ്പന്നരായ കഴിവുള്ള ചെറുപ്പക്കാർ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, മികച്ച വേതനത്തോടെ ചെറുപ്പക്കാർക്ക് തൊഴിൽ നൽകാൻ രാജ്യത്തിന് കഴിയുന്നില്ലെന്നതാണ് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ പ്രധാന കാരണം.
2018ലെ കണക്കു പ്രകാരം 13.2 ശതമാനം അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് രാജ്യത്ത് തൊഴിലില്ല. 2017ൽ 12.7 ശതമാനമായിരുന്നു തൊഴിൽ രഹിതർ. പ്രതിവർഷം തൊഴിൽരഹിതരുടെ എണ്ണം കൂടുകയാണ്. 2015 വരെ 8,81,254 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു എന്നാണ് ലോക്സഭയിൽ 2021ൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയ കണക്ക്. 2021ൽ 1.6 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു എന്നാണ് കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
വിദ്യാർത്ഥികളും ജോലിതേടിപോകുന്നവരും മാത്രമല്ല രാജ്യത്തെ അതിസമ്പന്നർ വരെ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. 2020ൽ 7000 കോടീശ്വരന്മാരാണ് ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിൽ പോയി സ്ഥിരതാമസമാക്കിയിരിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഇതുവരെയുള്ള കണക്കു പ്രകാരം 1,33,83,718 ഇന്ത്യക്കാരാണ് വിദേശത്തുള്ളത്. ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡവലപ്മെന്റ് (ഒഇസിഡി) 2020 ഫെബ്രുവരിയിൽ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത് അവരുടെ അംഗരാജ്യങ്ങളിലായി വിദ്യാസമ്പന്നരായ 30 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ്.