വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുഭാഷ് ചന്ദ് സിപിഐഎമ്മിൽ ചേർന്നു. ആർഎസ്എസ് പോഷക സംഘടനയായ തപസ്യയുടെ സംഘാടകനും കേരള ഹൈക്കോടതിയിൽ കേന്ദ്ര ഗവൺമെന്റിനെ പ്രതിനിധീകരിക്കുന്ന സെൻട്രൽ ഗവൺമെന്റ് കൗൺസിലായും ( സിജിസി ) പ്രവർത്തിച്ചു വരികയായിരുന്നു. സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പ് ഉള്ളതിനാൽ മേല്പറഞ്ഞ പറഞ്ഞ എല്ലാ പദവികളും രാജിവെക്കുകയാണെന്ന് പത്ര കുറിപ്പിലൂടെ അഡ്വ. എസ് സുഭാഷ് വ്യക്തമാക്കി.
മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജി സമർപ്പിച്ചിട്ടുള്ളത്. വർഗ്ഗീയത വളരുംതോറും മതേതരത്വം തളരുകയാണ്. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യയിൽ സമാധാന ജീവിതം ഇല്ലാതെയാകും, വർഗ്ഗീയ കലാപങ്ങളുടെ ശവപ്പറമ്പായി ഇന്ത്യ മാറും. അത് ഒഴിവാക്കേണ്ടത് ഓരോ പൗരന്റെയും അടിസ്ഥാന കടമയാണ്. ഇന്ത്യൻ ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദപ്രകാരം നിയമാധിഷ്ഠിതമായ ഒരു നടപടി ക്രമത്തിലൂടെ അല്ലാതെ ഏതൊരു വ്യക്തിക്കും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യത്തിനുള്ള അവകാശവും നിഷേധിക്കാൻ പാടില്ല. മതേതരത്വത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതിനോടൊപ്പം തന്നെ സാധാരണക്കാരുടെ വ്യക്തിജീവിത പുരോഗതിക്കായി വികസന പദ്ധതികൾ ചങ്കൂറ്റത്തോടെ നടപ്പാക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റുമായി ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും പത്രകുറിപ്പിൽ പറയുന്നു.